ജന്മദിനത്തില്‍ വീട് ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ വിട്ടുനല്‍കി സോഹന്‍ റോയ്

ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ സോഹന്‍ വിട്ടുനല്‍കിയ വീട്‌
ഡോ. സോഹന്‍ റോയ്.

ദുബൈ: കോവിഡ് 19 മഹാമാരിയുടെ പെട്ടെന്നുള്ള ആക്രമണത്തെ നേരിടാനാവാതെ പകച്ച് നില്‍ക്കുകയാണ് ലോകമെങ്ങുമുള്ള വൈദ്യ ശാസ്ത്ര വിദഗ്ധര്‍. കേരളത്തിലെ ആരോഗ്യ മേഖലയൊന്നാകെ ഈ രോഗത്തെ കീഴടക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും പെട്ടെന്നൊരു സാമൂഹിക വ്യാപനം ഉണ്ടായാലുള്ള പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത നിലവിലുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കാനായി സ്വന്തം വീട് വിട്ടു നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരിക്കുകയാണ് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ് സിഇഒ മലയാളിയായ ഡോ. സോഹന്‍ റോയ്. തൃശൂര്‍ ജില്ലയിലെ ദേശമംഗലത്ത് സ്ഥിതി ചെയ്യുന്ന വീടാണ് അദ്ദേഹം ഐസൊലേഷന്‍ വാര്‍ഡിനായി വിട്ടു നല്‍കിയിരിക്കുന്നത്. തന്റെ 53-ാം ജന്മദിനത്തിന് ലഭിച്ച ആശംസകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനിടയിലാണ് ഈ വിവരം അദ്ദേഹം പങ്കു വെച്ചത്. ഈ വിശേഷാവസരത്തില്‍ ആരെയും ക്ഷണിക്കാനോ ആഘോഷിക്കാനോ കഴിഞ്ഞില്ല. പക്ഷേ, നാട്ടിലെ വീട് ഇത്തരമൊരു മഹത്തായ കാര്യത്തിന് വിട്ടു നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ജന്മദിന സന്തോഷം ഇരട്ടിയായി -സോഹന്‍ പറഞ്ഞു. നേരത്തെ, കേരളത്തിലെ ആരോഗ്യ രംഗത്തെ പ്രതിസന്ധികള്‍ കണക്കിലെടുത്ത് 10 ജില്ലകള്‍ക്ക് ഓരോ വെന്റിലേറ്ററുകള്‍ വീതം സംഭാവന നല്‍കുമെന്നും ഒപ്പം, ലോക്ക് ഡൗണ്‍ സമയത്ത് കനത്ത പ്രതിസന്ധി നേരിടുന്ന 2,000 കുടുംബങ്ങള്‍ക്ക് സ്വന്തം ജീവനക്കാര്‍ വഴി സഹായമെത്തിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. പ്രകൃതി ദത്തമോ മനുഷ്യ നിര്‍മിതമോ എന്ന് നോക്കാതെ ദുരന്തങ്ങള്‍ ഉണ്ടായപ്പോഴൊക്കെ കൃത്യമായ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഏരീസ് ഗ്രൂപ് ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. 2015ല്‍ നേപ്പാള്‍ ദുരന്തത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്കായി 200ലധികം പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ ഗ്രൂപ് മുന്‍കയ്യെടുത്തിരുന്നു. കേരളത്തില്‍ വെള്ളപ്പൊക്ക ദുരന്തം ഉണ്ടായതിനെ തുടര്‍ന്നുണ്ടായ രക്ഷാ പ്രവര്‍ത്തങ്ങളിലും പുനരധിവാസ പദ്ധതികളിലും ഏരീസ് ടീം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വ്യാപക പ്രശംസ പിടിച്ചു പറ്റിയിരുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഏകദേശം അന്‍പതോളം വീടുകളും ഏരീസ് ഗ്രൂപ് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഇന്‍ഡിവുഡ് ബില്യനേഴ്‌സ് ക്‌ളബ് സ്ഥാപക ചെയര്‍മാന്‍ എന്ന നിലയില്‍ സ്വയം മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ മറ്റ് ബില്യനേഴ്‌സിനും ഇതു പോലെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികളില്‍ സജീവമായി പങ്കെടുക്കാനുള്ള പ്രേരണ നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.