ബ്ലഡ് ബാങ്കില്‍ ഡോക്ടറുടെ അപ്രതീക്ഷിത അവധി

രക്തദാനം നടത്താന്‍ ഇന്നലെ ജില്ലാ ആസ്പത്രിയിലെ ബ്ലഡ് ബാങ്കിന് മുന്നിലെത്തിയവര്‍ പ്രതിഷേധിക്കുന്നു

രക്തംദാനം ചെയ്യാനെത്തിയവര്‍ പ്രതിഷേധിച്ചു

കാഞ്ഞങ്ങാട്: ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസറുടെ അപ്രതീക്ഷിത ലീവ് മൂലം രക്തദാനം ചെയ്യാനെത്തിയവര്‍ വട്ടംകറങ്ങി. രോഗ പ്രതിരോധത്തിന്റെ ഭാഗമായി തിങ്കളാഴ്ച രക്തംദാനം ചെയ്യാന്‍ ജില്ലാ കലക്ടറും ആരോഗ്യ വകുപ്പും നിര്‍ദേശം നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് രാവിലെ എട്ടുമണിക്ക് തന്നെ രക്തദാന സംഘടനകളടക്കമുള്ള അറുപതോളം പ്രവര്‍ത്തകര്‍ ജില്ലാ ആസ്പത്രിയിലെത്തിയിരുന്നു. രക്തദാനത്തിനെത്തി സമ്മതപത്രം പൂരിപ്പിക്കുമ്പോഴാണ് ബ്ലഡ്് ബാങ്കിലെ ജീവനക്കാര്‍ ഡോക്ടര്‍ ലീവാണെന്ന കാര്യം അംഗങ്ങളെ അറിയിച്ചത്.
പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ ആര്‍എംഒയെ കണ്ട്് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.
പ്രവര്‍ത്തകരുടെ പ്രതിഷേധം കനത്തപ്പോള്‍ ഒപിയിലുള്ള ഒരു ഡോക്ടറെ താത്കാലികമായി ബ്ലഡ് ബാങ്കിലേക്ക് മാറ്റാന്‍ ആര്‍എംഒ നിര്‍ബന്ധിതനായി. അറുപത് അംഗങ്ങളില്‍ രാവിലെ എട്ടുമണിക്ക് തന്നെ ജില്ലാ ആസ്പത്രിയിലെത്തിയെങ്കിലും 33പേര്‍ക്ക് മാത്രമേ രക്തംദാനം ചെയ്യാനാ യുള്ളൂ. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ പകുതി പേര്‍ നിരാശയോടെ മടങ്ങി.