ദുബൈ: കോവിഡ് 19 രോഗബാധിതര്‍ ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബ്രൈറ്റ് ഇന്ത്യ ഫൗണ്ടേഷന് കീഴില്‍ ബിഹാര്‍ അരാരിയായില്‍ പണി കഴിഞ്ഞ അബ്ദുല്‍ മാലിക് അഹ്ലി മെഡിക്കല്‍ സെന്റര്‍ കോവിഡ് ബാധിതരുടെ ചികിത്സക്കും സംശയമുള്ളവരുടെ പരിശോധനകള്‍ക്കുമായി ബിഹാര്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശ പ്രകാരം ബിഹാര്‍ ഗവണ്മെന്റിന് വിട്ടുകൊടുത്തു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടനം മാറ്റി വെച്ചതായിരുന്നു അബ്ദുല്‍ മാലിക് അഹ്ലി മെഡിക്കല്‍ സെന്റര്‍. വിശാലമായ ലാബും മറ്റു സൗകര്യങ്ങളുമുള്ള മെഡിക്കല്‍ സെന്റര്‍ ബിഹാര്‍ ഗവണ്മെന്റിന് കീഴിലുള്ള ഹെല്‍ത്ത് വിഭാഗത്തിന് വിട്ടു കൊടുക്കുന്നതിന് ബിഹാര്‍ ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുപ്രകാരം ഗവണ്മെന്റ് ഹെല്‍ത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ബ്രൈറ്റ് ഇന്ത്യ ഫൗണ്ടേഷന് മെഡിക്കല്‍ സെന്റര്‍ വിട്ടു കൊടുക്കാനുള്ള സമ്മതപത്രം കൈമാറി. കോവിഡ് 19 ബാധിതരുടെ ചികിത്സക്കും സംശയമുള്ളവരുടെ പരിശോധനകള്‍ നടത്താനും സെന്റര്‍ ഉപയോഗിക്കുന്നതാണ്.
വടക്കു-കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലയിലും സജീവമായി പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ ഇതര പ്രസ്ഥാനം (എന്‍ജിഒ) ആണ് ബ്രൈറ്റ് ഇന്ത്യ ഫൗണ്ടേഷന്. കേരളത്തിലെ സാമൂഹിക രംഗത്ത് നിശ്ശബ്ദമായി സേവനമനുഷ്ഠിക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള പ്രതിബദ്ധതയുള്ള ഒരു സംഘമാണ് ഫൗണ്ടേഷന്റെ ചാലക ശക്തി. ഏത് പ്രതിസന്ധി ഘട്ടത്തിലും ചാരിറ്റി പ്രവര്‍ത്തനവുമായി ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പ്രഗല്ഭരായ മെഡിക്കല്‍ സഘത്തോടൊപ്പം കുതിച്ചെത്തുകയും ആവശ്യമായ വൈദ്യ സഹായവും വസ്ത്രങ്ങളും, ഭക്ഷണ കിറ്റുകള്‍, വെള്ളം തുടങ്ങിയവയും ബ്രൈറ്റ് ഇന്ത്യ ഫൗണ്ടേഷന് സ്തുത്യര്‍ഹമായി നിര്‍വഹിച്ചു വരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ ബ്രൈറ്റ് ഇന്ത്യ ഫൗണ്ടേഷന് ചെയര്മാന് ഡോ. അബ്ദുല്‍ ഗഫൂര്‍, മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ലത്തീഫ് കലൂര്‍ (എറണാകുളം) എന്നിവര്‍ നയിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരായ സോഷ്യല്‍ ആക്ടിവിസ്റ്റുകളും സജീവമായി രംഗത്തുണ്ട്.