- മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ കേന്ദ്രം
സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു - എന്‍.ആര്‍.സി അനിവാര്യമെന്ന് കേന്ദ്ര സര്‍ക്കാര്‍
പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ പൗരന്മാരുടെ നിലവില്‍ ഉള്ള നിയമപരമോ, ജനാധിപത്യപരമോ, മതേതരമോ ആയ അവകാശങ്ങളെ ഹനിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അയല്‍ രാജ്യങ്ങളില്‍ മതപീഡനം അനുഭവിക്കുന്ന വിഭാഗങ്ങള്‍ ഏതാണ് എന്ന് തീരുമാനിക്കാന്‍ പാര്‍ലമെന്റിന് അധികാരം ഉണ്ട്. നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ് മൂലത്തില്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമ ഭേദഗതി ചോദ്യം ചെയ്ത് മുസ്്‌ലിം ലീഗ് ഉള്‍പ്പടെ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജികളില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്. പൗരത്വവുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണത്തിന് പാര്‍ലമെന്റിന് അധികാരം ഉണ്ട്. ഈ അധികാരം കോടതിയില്‍ ചോദ്യം ചെയ്യാന്‍ ആകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍ ബി.സി ജോഷി ഫയല്‍ ചെയ്ത മറുപടി സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിഭജനം തന്നെ മതാടിസ്ഥാനത്തില്‍ ആയിരുന്നു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതപീഡനം അനുഭവിക്കുന്ന വിഭാഗങ്ങള്‍ ഏതാണ് എന്ന് തീരുമാനിക്കാന്‍ പാര്‍ലമെന്റിന് അധികാരം ഉണ്ട്. മത പീഡനം അനുഭവിക്കുന്ന അഹമ്മദിയ, ഷിയ വിഭാഗങ്ങളെ എന്ത് കൊണ്ട് ആണ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പെടുത്താത്തത് എന്നും മറുപടിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഭൂരിപക്ഷ സമുദായത്തില്‍ പെട്ടവര്‍ക്ക് ഇടയില്‍ പീഡനം അനുഭവിക്കുന്നവര്‍ക്ക് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അവകാശം നല്‍കാന്‍ കഴിയില്ല എന്നും മറുപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് മുസ്്‌ലിംകളെ മാത്രം ഒഴിവാക്കി എന്ന വാദം തെറ്റാണ് എന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ് ഹിന്ദുക്കളെയും, തിബറ്റിലെ ബുദ്ധമത വിശ്വാസികളേയും ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഭരണഘടനയുടെ 14-ാം അനുച്ഛേദം തുല്യത ഉറപ്പാക്കുന്നുണ്ടെങ്കിലും എല്ലാ നിയമങ്ങളിലും അത് ബാധകം അല്ല. ചില നിയമങ്ങളില്‍ ഗണം തിരിക്കാന്‍ ഉള്ള അധികാരം ഉണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. അനുബന്ധങ്ങള്‍ ഉള്‍പ്പടെ 1200 ല്‍ അധികം പേജുകള്‍ അടങ്ങുന്നത് ആണ് മറുപടി സത്യവാങ്മൂലം. പൗരന്‍മാരെയും പൗരന്‍മാര്‍ അല്ലാത്തവരേയും തിരിച്ചറിയുന്നതിനായി എന്‍.ആര്‍.സി (ദേശീയ പൗരത്വ രജിസ്റ്റര്‍) ആവശ്യമാണെന്നും ഇത് ഏത് പരമാധികാര രാജ്യത്തിന്റേയും അവകാശമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറിന്റെ ധാര്‍മിക ഉത്തരവാദിത്വമാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നില്ലെങ്കിലും എന്‍.ആര്‍.സി നടപ്പിലാക്കേണ്ടതിന്റെ അനിവാര്യത സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്. എന്‍.ആര്‍.സി നടപ്പിലാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും പറയുമ്പോഴും എന്‍.ആര്‍.സി അനിവാര്യമാണെന്ന നിലപാടാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.