കരിപ്പൂരില്‍ കൂടുതല്‍ വിമാനങ്ങള്‍ നിര്‍ത്തലാക്കുന്നു; സഊദിയിലേക്ക് നാളെ വരെ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താ വളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ വാതിലിനു മുന്നില്‍ കോവിഡ്19ന്റെ പരിശോധനക്കുള്ള ഫോറം യാത്രക്കാര്‍ പൂരിപ്പിക്കുന്ന തിരക്ക്‌

പ്രധാന സര്‍വീസുകള്‍ ഇന്നുകൂടി

കോവിഡ് 19 അതീവ ഭീഷണിയായ സാഹചര്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒട്ടേറെ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി.സഊദി സെക്ടറിലേക്ക് മാര്‍ച്ച് 16 മുതല്‍ മുഴുവന്‍ സര്‍വീസുകളും നിര്‍ത്തലാക്കും. പ്രധാന സര്‍വീസുകള്‍ ഇന്ന് നിര്‍ത്തലാവുമെങ്കിലും 15 ന് സ്പയ്‌സ് ജെറ്റ്, ഇന്‍ഡിഗോ എന്നിവയുടെ സ്‌പെഷ്യല്‍ വിമാനം സര്‍വീസ് നടത്തുന്നതോടെ സഊദിയിലേക്ക് നേരിട്ട് വിമാനം ഉണ്ടാവില്ല. മറ്റു രാജ്യങ്ങളിലേക്ക് ചില വിമാനങ്ങള്‍ നിലവിലെ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയും മുന്‍ കരുതലുകള്‍ ശക്തമാക്കി. ജി.സി.സി രാജ്യങ്ങളും ഖത്തറും പ്രവേശനം കര്‍ശനമാക്കിയതോടെ അവധി കഴിഞ്ഞ് മടങ്ങുന്നവര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നെട്ടോട്ടമോടുകയാണ്. സഊദിയില്‍ താമസ രേഖയുള്ളവര്‍ 72 മണിക്കൂറിനുള്ളില്‍ മടങ്ങിയെത്തണമെന്ന് കഴിഞ്ഞ ദിവസം സഊദി മന്ത്രാലയം അറിയിച്ചതോടെ വിവിധ വിമാനത്താവളങ്ങളിലായി ആയിരകണക്കിന് യാത്രക്കാരാണ്  ടിക്കറ്റിനായി പരക്കം പായുന്നത്.
കരിപ്പൂരില്‍ സഊദി എയര്‍ ലൈന്‍സ്, എയര്‍ ഇന്ത്യ ജംബോ ഉള്‍പ്പെടെ ഒട്ടേറെ സര്‍വീസുകള്‍ നിര്‍ത്തല്‍ ചെയ്തതോടെ യാത്രക്കാര്‍ക്ക് ഇരുട്ടടി കൂടിയായി. എന്നാല്‍ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികളാകട്ടെ പ്രതികൂല സാഹചര്യത്തെ പോലും മുതലെടുത്ത് ടിക്കറ്റ് ചാര്‍ജ് അമിതമായി ഈടാക്കുകയാണ്. സഊദി സെക്ടറി ലേക്ക് 14500 രൂപ വന്നിരുന്ന സ്ഥാനത്ത് നിലവില്‍ മൂന്നിരട്ടിയില്‍ അധികമാണ് ചാര്‍ജ്. എയര്‍ ഇന്ത്യ ഈടാക്കുന്നത് 48500 രൂപയാണ്. ഇതാകട്ടെ നേരിട്ട് അല്ല താനും.
സാധാരണ ജി.സി.സി സെക്ടറിലേക്ക് യാത്രാ തടസ്സം നേരിടുന്ന പക്ഷം വിമാന കമ്പനികള്‍ മറ്റു രാജ്യങ്ങളിലേക്ക് സര്‍വീസ് മാറ്റാറാണ് പതിവ്. എന്നാല്‍  കൊറോണവൈറസ് രാജ്യാന്തരതലത്തില്‍ തന്നെ കനത്ത ഭീഷണിയായതോടെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് വിമാന കമ്പനികള്‍ക്ക് പ്രതികൂലമായി. ഇതു വഴി കൊറോണ വൈറസ് ഏറ്റവും ഭീഷണിനിലനില്‍ക്കുന്ന  ചൈന, ഇറ്റലി, ദക്ഷിണകൊറിയ ഉള്‍പ്പെടെ  രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നേരത്തെ തന്നെ വിമാന കമ്പനികള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. വിമാനത്തില്‍ സഞ്ചരിക്കുന്ന യാത്രക്കാരില്‍ കൊറോണ രോഗ ബാധ ഉള്ളത് അറിയാതെ പോവുന്നതും,യാത്ര ചെയ്യാന്‍ ആളില്ലാതെ വരുന്നതും വിമാന കമ്പനികള്‍ക്ക് സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിനും കാരണമാവുന്നു. കഴിഞ്ഞ ദിവസം കൊറോണ ബാധ സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി  ദുബായില്‍ നിന്ന് എത്തിയത് കരിപ്പൂരിലേക്കുള്ള സ്‌പൈസ്‌ജെറ്റ് വഴിയായിരുന്നു. വിമാനത്തില്‍ സഞ്ചരിച്ചവരെ നിരീക്ഷിച്ചു വരുന്നുണ്ട്.  രോഗ ലക്ഷണമുള്ളവരോട് ഉടന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഹാജറാവാന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്കുള്ള പ്രധാന വിമാനമായ എയര്‍ ഇന്ത്യയുടെ ജംബോ സര്‍വീസ്  മാര്‍ച്ച് 9 മുതല്‍ സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്. മെയ് 31 വരെ ഈ സര്‍വീസ് ഉണ്ടാവില്ല. ഇത് ചരക്ക് നീക്കത്തിനും സാരമായി ബാധിച്ചു. ലഗ്ഗേജിനും കാര്‍ഗോക്കും ഉപയോഗിക്കുന്ന പാലറ്റും കണ്ടയ്‌നറും കരിപ്പൂരില്‍ നിന്ന് നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്. വ്യാഴായ്ച മാത്രം 20 പാലറ്റും 10 കണ്ടയ്‌നറും കൊണ്ടു പോയിട്ടുണ്ട്. ജംബോക്ക് പകരമായി ഇന്ന് മുതല്‍ 12 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 165 സീറ്റുകളുള്ള നിയോ ഫ്‌ളൈറ്റ് എയര്‍ സര്‍വീസിന് എത്തിക്കുന്നുണ്ട്.
സഊദിയിലേക്ക് ഉംറ വിസയും ഫാമിലി വിസയും വിസിറ്റിംങ്ങ് വിസയും താല്‍ക്കാലികമായി നിര്‍ത്തിയതിന് പിന്നാലെ തന്നെ ജിദ്ദ,റിയാദ് എന്നിവിടങ്ങളിലേക്കുള്ള സഊദി എയര്‍ലൈന്‍സ് സര്‍വീസും വെട്ടിച്ചുരുക്കിയിരുന്നു. എന്നാല്‍ ഇന്നത്തോടു കൂടി സഊദിഎയര്‍ ലൈന്‍സ് ഉള്‍പ്പെടെ മുഴുവന്‍ വിമാനങ്ങളും സ്ഥിരം സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയാണ്. കുവൈത്ത്, ദോഹ എന്നിവിടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എയറിന്റെ ഖത്തര്‍ സര്‍വീസ് എന്നിവ കഴിഞ്ഞ ആഴ്ച നിര്‍ത്തലാക്കിയിട്ടുണ്ട്. കരിപ്പൂരില്‍ നിന്ന് യു.എ.ഇ, ഖത്തര്‍ ഉള്‍പ്പെടെ സെക്ടറുകളില്‍ നിന്ന് ജിദ്ദയിലേക്കുള്ള ഒമാന്‍ എയര്‍ , ബഹ്‌റൈന്‍ എയര്‍ , ഇത്തിഹാദ്, എമിറേറ്റ്‌സ് എന്നിവയുടെ കണക്ഷന്‍ സര്‍വ്വീസുകളും കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയതില്‍ പെടും. ജിദ്ദ ഉള്‍പ്പെടെ സ്ഥലങ്ങളിലേക്ക് ഖത്തറില്‍ നിന്നുള്ള കണക്ഷന്‍ വിമാനം കൂടിയ കരിപ്പൂര്‍  ദോഹ സെക്ടര്‍  ഖത്തര്‍ എയര്‍ വെഴ്‌സിന്റെ ദിവസവും നടത്തിയിരുന്ന സര്‍വീസും ഇന്നലെ മുതല്‍ വെട്ടിച്ചുരുക്കി. ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചത് കാരണം ഖത്തറിലേക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ വിലക്കുണ്ട്. ഇത് വഴി ഈ സര്‍വീസിന്റെ കണക്ഷന്‍ സര്‍വീസ് മാത്രമാവും നടക്കുക.
മാര്‍ച്ച് 31 വരെ ചൊവ്വ,വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് ഇതിന്റെ സര്‍വീസ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദ് സര്‍വീസ്, എയര്‍ ഇന്ത്യ ജിദ്ദ സര്‍വീസ്, സഊദി എയര്‍ ലൈന്‍സ്, ദുബായി സ്‌പൈസ് ജെറ്റ്, ഒമാന്‍എയര്‍,എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കറ്റ് സര്‍വീസ്,   ദമാം,ജിദ്ദ ഇന്‍ഡിഗോഎയര്‍ എന്നിവ നിലവില്‍സര്‍വീസ് നടത്തുന്നുണ്ടങ്കിലും ടിക്കറ്റുകള്‍ ലഭ്യമല്ലാത്ത സാഹചര്യവുമാണ്.  പല വിമാനങ്ങളും മുംബൈ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിന്ന് ഗ്രാന്‍സിറ്റ് പാസഞ്ചര്‍ ആയിട്ടാണ് ടിക്കറ്റ് നല്‍കുന്നത്. ഇവയില്‍ മിക്കതും ലോ ക്ലാസ് നല്‍കാതെ ബിസിനസ് ക്ലാസ് ടിക്കറ്റ് മാത്രമാണ് നല്‍കുന്നത്. ഇതാകട്ടെ 50000 മുതല്‍ 60000 രൂപ വരെ വരുന്നത് റി എന്‍ട്രി യാത്രക്കാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്.
അതേ സമയം രാജ്യത്ത് കോവിഡ് 19 ബാധയെ തുടര്‍ന്ന് കര്‍ണാടക, കല്‍ ബുര്‍ഗി സ്വദേശി ഹുസൈന്‍ സിദ്ധീഖ് മരണപ്പട്ടതും തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് ഉള്‍പ്പെടെ സംസ്ഥാനത്ത് 19 പേര്‍ക്ക് കോവിഡ് 19 കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര യാത്രക്കാരെയും സമാന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. വിമാനത്തില്‍ നിന്ന്  ഇറങ്ങുമ്പോള്‍ തന്നെ പരിശോധനക്കാവശ്യമായ ഫോറം നല്‍കുകയാണ് ചെയ്യുന്നത്. രണ്ട് ഫോറം  പൂരിപ്പിച്ച് നല്‍കുന്ന മുറക്ക് മുഴുവന്‍ യാത്രക്കാരെയും യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗിന് വിധേയമാക്കുകയാണ്.