പ്രതീക്ഷയോടെ കരുതല്‍

കോവിഡ് 19 സ്ഥിരീകരിച്ച മാഹി സ്വദേശിനിയുടെ സഞ്ചാരപഥത്തില്‍ പെട്ടവരെ കോഴിക്കോട്് ബീച്ച് ആസ്പത്രിയില്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നു
സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍,
കലാശാല പരീക്ഷകളും മാറ്റണം
സംസ്ഥാനത്തിന് ആശ്വാസത്തിന്റെ രണ്ടാം നാള്‍. കേരളത്തില്‍ പുതിയ കോവിഡ് 19 കേസുകളൊന്നും ഇന്നലെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. 237 പേര്‍ ഇപ്പോഴും ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 25,603 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 57 പേര്‍ ഇന്നലെ ആശുപത്രികളിലെത്തി. 7861 പേര്‍ പുതുതായി നിരീക്ഷണത്തിലായതായും 4662 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  അതേ സമയം സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റാന്‍ ഇന്നലെ രാത്രി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സര്‍വകലാശാല പരീക്ഷകള്‍ മാറ്റാനും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ  നിര്‍ദ്ദേശമുണ്ട്. ഈ മാസ 31 ന് പരീക്ഷകള്‍ അവസാനിക്കുന്ന വിധം പുനക്രമീകരിക്കാനാണ് നിര്‍ദ്ദേശം.  സി.ബി.സ്.ഇ  10, 12 ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്.
സംസ്ഥാനത്ത് ചികിത്സ വിപുലമാക്കാന്‍ തീരുമാനിച്ചതായും പി.എച്ച്.സികളിലെ ഒ.പി വൈകുന്നേരം വരെ നീട്ടിയതായും അദ്ദേഹം അറിയിച്ചു. 2550 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2140 എണ്ണവും നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ ഫലത്തിനായി കാത്തിരിക്കുകയാണ്. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും അഭിനന്ദനം പ്രവര്‍ത്തനം കൂടുതല്‍ നല്ല നിലയില്‍ നടത്തുന്നതിന് ഇടയാക്കുമെന്നും എല്ലാ സംഘടനകളും കോവിഡ് നിയന്ത്രണത്തിന് പൂര്‍ണ സഹകരണം ഉറപ്പ് നല്‍കിയതായും മതചടങ്ങുകള്‍ ഒഴിവാക്കാമെന്ന ഉറപ്പ് മതനേതാക്കള്‍ നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. വിവിധ മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ കൂടിച്ചേരുന്നത് പരമാവധി ഒഴിവാക്കണം. ഇപ്പോള്‍ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ഏത് സമയവും സ്ഥിതി ഗുരുതരമാവാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് രോഗത്തിന്റെ വ്യാപനം തടയാന്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അടുത്ത രണ്ടാഴ്ച അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടങ്ങളും  മുന്നറിയിപ്പ് നല്‍കി.