ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം രാജ്യത്ത് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. വിദേശത്തുനിന്നുള്ള എല്ലാ യാത്രാ വിമാനങ്ങള്‍ക്കും ഈ മാസം 22 മുതല്‍ ഒരാഴ്ചത്തേക്ക് ഇന്ത്യയില്‍ സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി. ആഭ്യന്തര യാത്രകളും പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിനു താഴെയുള്ളവരും വീടുവിട്ട് പുറത്തു പോകരുത്. 20ല്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുന്ന എല്ലാ പരിപാടികളും നിയമം മൂലം നിരോധിച്ചതായും ഉന്നതല യോഗത്തിനു ശേഷം കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ജനപ്രതിനിധികള്‍ക്കും മാത്രമാണ് ഇതില്‍ ഇളവ് നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍വീസിലെ പകുതി ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യാന്‍ അനുമതി നല്‍കിയും ജോലി സമയം പുനക്രമീകരിച്ചും വ്യക്തിഗത മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്.
കോവിഡ് ഭീതിയില്‍ രാജ്യത്ത് ജനജീവിതം സ്തംഭിച്ചുകൊണ്ടിരിക്കുകയാണ്. റെയില്‍വേ ഇന്നലെ മാത്രം 200ലധികം സര്‍വീസുകളാണ് റദ്ദാക്കിയത്. കേരളത്തില്‍ മാത്രം 18 സര്സീവുകള് റദ്ദാക്കി. യാത്രക്കാരില്ലാത്തതാണ് സര്‍വീസ് റദ്ദാക്കാന്‍ കാരണമെന്നാണ് റെയില്‍വേ നല്കുന്ന വിശദീകരണം. അതേസമയം ആളുകള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നുണ്ടെന്നാണ് വിവരം. പഞ്ചാബില്‍ പൊതുഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇന്നലെ അര്‍ധരാത്രി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി ഛത്തീസ്ഗഡ് ഗവണ്മെന്റും രംഗത്തെത്തി. ഹരിയാനയില്‍ പച്ചക്കറി ചന്തകള്‍ പൂര്‍ണമായി അടച്ചു. തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങള്‍ അടച്ചിട്ടു. കേന്ദ്ര സര്‍വകലാശാലകള്‍ മാര്‍ച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഐ.സി.എസ്.ഇ പരീക്ഷകളും മാറ്റി. അതേസമയം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ തുടരും.
രാജ്യത്ത് മരണം നാല്; ഇറാനിലും ഇന്ത്യക്കാരന് മരിച്ചു
ന്യൂഡല്‍ഹി:രാജ്യത്ത് ഇന്നലെ കോവിഡ് 19 വൈറസ് ബാധയെതുടര്‍ന്നുള്ള ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ജര്‍മ്മനിയില്‍നിന്ന് ഇറ്റലി വഴി നാട്ടില്‍ തിരിച്ചെത്തിയ പഞ്ചാബ് സ്വദേശിയായ 70കാരനാണ് മരിച്ചത്. പ്രമേഹം, ഹൃദ്രോഗം എന്നിവക്ക് നേരത്തെ തന്നെ ചികിത്സ തുടര്‍ന്നു വന്നിരുന്ന വ്യക്തിയാണ് മരിച്ചത്. ഇറാനിലും ഒരു ഇന്ത്യക്കാരന് മരിച്ചതായി വിദേശ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തൊട്ടാകെ ഇതുവരെ 173 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ഇന്നലെ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ക്കോട് സ്വദേശിക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെല്ലാം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തൊട്ടാകെ 140 രാജ്യങ്ങളിലേക്ക് കോവിഡ് പകര്‍ന്നിട്ടുണ്ട്. 2.22 ലക്ഷം ജനങ്ങളെ രോഗം ബാധിച്ചു കഴിഞ്ഞു.മരണ സംഖ്യ 9000 കവിഞ്ഞു.
കേരളത്തില്‍ ഒരാള്‍ക്ക്കൂടി രോഗബാധ
തിരുവനന്തപുരം: കേരളത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബൈയില്‍നിന്ന് നാട്ടിലെത്തിയ കാസര്‍ക്കാട് സ്വദേശിയായ 47കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ കോവിഡ് 19 ബാധിതരുടെ എണ്ണം 28 ആയി. ഇതില്‍ മൂന്നുപേര്‍ നേരത്തെ രോഗമുക്തി നേടി ആസ്പത്രി വിട്ടിരുന്നു. ശേഷിച്ച 25 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 31,173 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 30,936 പേര് വീടുകളിലും 237 പേര് ആസ്പത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതുതായി 6,103 പേരെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കിയ 5,155 പേരെ പട്ടികയില്‍നിന്ന് ഒഴിവാക്കി. 2921 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2342 ഫലങ്ങളും നെഗറ്റീവാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.