വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇയിലേക്ക് പ്രവേശനം വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം: മന്ത്രാലയം

നാലാഴ്ചത്തെ അവധിക്കാലത്തിന് ഇന്ന് തുടക്കം

ദുബൈ: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കൊറോണ വൈറസില്ലാത്തവരെന്ന് ബോധ്യമായ ശേഷമേ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണിക്കാര്യം. രാജ്യത്തിന്റെ പുറത്തുള്ള വിദ്യാര്‍ത്ഥികളും ജീവനക്കാരും തിരിച്ചെത്തുമ്പോള്‍ 14 ദിവസത്തെ ഹോം ക്വാറന്റൈനും വൈദ്യ പരിശോധനകളും ആവശ്യമാണെന്നും മന്ത്രാലയ അധികൃതര്‍ പറഞ്ഞു. അവര്‍ കെറോണ വൈറസ് ബാധയുള്ളവരല്ല എന്ന് തെളിഞ്ഞ ശേഷം മാത്രമേ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയുമാണ് നമ്മുടെ ഉയര്‍ന്ന പരിഗണനാ വിഷയമെന്നും മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 4 വരെ യുഎഇയിലെ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളും വിദ്യാഭ്യാസ സേവന കേന്ദ്രങ്ങളും അടഞ്ഞു കിടക്കണമെന്നും വിദൂര പഠന രീതിയിലാണ് അധ്യയനത്തിന് ഉദ്ദേശിക്കുന്നതെന്നും മന്ത്രാലയം ട്വീറ്റില്‍ വിശദീകരിച്ചു. ഞായറാഴ്ച മുതല്‍ നാലാഴ്ചക്കാലത്തേക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുമെന്ന് ഈ വാരാദ്യത്തില്‍ മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. പൊതു-സ്വകാര്യ സ്‌കൂളുകളുടെയും കോളജുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും വെക്കേഷന്‍ നേരത്തെ തന്നെ തുടങ്ങുമെന്നായിരുന്നു അറിയിപ്പിലുണ്ടായിരുന്നത്. ഈ പ്രഖ്യാപനമനുസരിച്ച്, പുതിയ അവധിക്കാലം ഇന്നു തുടങ്ങുകയാണ്. കൊറോണ വൈറസ് പടരാതിരിക്കാനുള്ള ദേശീയ തല നടപടികളോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ് ഈ നീക്കം.