ഇന്നലെ വൈറസ് ബാധിച്ചത് എട്ടുപേര്‍ക്ക് മാത്രം ചികിത്സിക്കാന്‍ സ്ഥാപിച്ചിരുന്ന താല്‍ക്കാലിക ആശുപത്രികളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുതുടങ്ങി
ബീജിങ്: കൊറോണ വൈറസിന്റെ(കോവിഡ്-19) പ്രഭവ കേന്ദ്രമായ ചൈനയിലെ ഹ്യൂബെ പ്രവിശ്യ രോഗത്തിന്റെ കാഠിന്യത്തില്‍നിന്ന് മുക്തമാകുന്നു. കഴിഞ്ഞ ദിവസം എട്ടുപേര്‍ക്ക് മാത്രമാണ് പുതുതായി വൈറസ് ബാധിച്ചത്. ചികിത്സിക്കാന്‍ സ്ഥാപിച്ചിരുന്ന താല്‍ക്കാലിക ആശുപത്രികളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുതുടങ്ങി. രോഗികളെല്ലാം മടങ്ങിയതോടെ പല ആശുപത്രികളും പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്.
ലോകവ്യാപകമായി രോഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കെ വുഹാനില്‍ രോഗികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. യാത്രാ നിയന്ത്രണങ്ങളുള്‍പ്പെടെയുള്ള സമ്പര്‍ക്ക വിലക്കുകളാണ് രോഗവ്യാപനം തടയാന്‍ സഹായകമായതെന്ന് ചൈന അവകാശപ്പെടുന്നു. വുഹാനില്‍ രോഗികള്‍ മടങ്ങിയതോടെ ഒരു ആശുപത്രിയില്‍ അവരെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ജിയിങ് വെന്യാങ് ഒഴിഞ്ഞ കിടക്കയില്‍ കിടക്കുന്ന ഫോ ട്ടോ പീപ്പിള്‍സ് ഡെയ്ലി പുറത്തുവിട്ടിരുന്നു.
ഹ്യൂബെ പ്രവിശ്യക്ക് പുറത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത ഏഴ് രോഗികളില്‍ ആറുപേര്‍ വിദേശത്തുനിന്ന് ചൈനയില്‍ എത്തിയവരാണ്. പുതുതായി വൈറസ് കണ്ടെത്തിയവരുടെ എണ്ണം ഒറ്റ അക്കമായി ചുരുങ്ങിയതെന്നത് അതിജീവിനത്തിന്റെ പ്രധാന സൂചനയായാണ് ചൈന ചൂണ്ടിക്കാട്ടുന്നത്. യാത്രാ നിയന്ത്രങ്ങള്‍ ലഘൂകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
അടച്ചിട്ടിരുന്ന പല വ്യവസായ സ്ഥാപനങ്ങളും ഉടന്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. വ്യാപാര സ്ഥാപനങ്ങള്‍ പലതും തുറന്നുകഴിഞ്ഞു.
വ്യവസായ കേന്ദ്രമായ ഹ്യൂബെ പ്രവിശ്യയെ കോവിഡ്-19 തളര്‍ത്തിയത് ചൈനക്ക് കടുത്ത സാമ്പത്തിക ആഘാതമായിരുന്നു.
ചൈനയില്‍ ഇതുവരെ 3,169 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 80,796 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
62,821 പേര് സുഖംപ്രാപിച്ച് വീടുകളിലേക്ക് മടങ്ങി. വുഹാനില്‍ ഏഴുപേരുള്‍പ്പെടെ ഇന്നലെ 11 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. പക്ഷെ, കോവിഡ്-19 പൂര്‍ണമായും നിയന്ത്രണവിധേയമായെന്ന് ചൈന ആശ്വസിക്കുന്നില്ല. വീണ്ടും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് അധികൃതര്‍ ആശങ്കപ്പെടുന്നു.