നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ചിരുന്ന ഹോട്ടല്‍ തകര്‍ന്ന് ഏഴ് മരണം

ചൈനയില്‍ കൊറോണ ബാധിതരെ നിരീക്ഷണത്തില്‍ താമസിപ്പിച്ചിരുന്ന ഹോട്ടല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പെട്ടവരെ അവശിഷ്ടങ്ങളില്‍നിന്ന് പുറത്തെടുക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍

ബീജിങ്: ചൈനയില്‍ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ചിരുന്ന ഹോട്ടല്‍ തകര്‍ന്ന് ഏഴ് മരണം. 28 പേരെ കാണാതായി. ഫുജിയാന്‍ പ്രവിശ്യയിലെ ഷിന്‍ജിയ ഹോട്ടലാണ് തകര്‍ന്നത്. 38 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുങ്ങിക്കിടക്കുന്നവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകായാണ്.
അഞ്ചു നിലകളിലായി 80 മുറികളുള്ള ഹോട്ടലിലേക്ക് അടുത്തിടെയാണ് കൊറോണ ബാധിച്ചവരുമായി ഇടപഴകിയിരുന്നവരെ നിരീക്ഷണത്തിനായി മാറ്റിയത്. അപകടം നടക്കുമ്പോള്‍  ഹോട്ടലില്‍ 71 പേരുണ്ടായിരുന്നു. ഇവരില്‍ 58 പേരാണ് കൊറോണ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഒന്നാം നിലയുടെ നവീകരണ പ്രവൃത്തികള്‍  നടന്നുകൊണ്ടിരിക്കെയാണ് അപകടമെന്ന് അധികൃതര്‍ അറിയിച്ചു. ഹോട്ടലിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് ഈ ഹോട്ടലിന്റെ പണിപൂര്‍ത്തിയാക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫുജിയാന്‍ പ്രവിശ്യയില്‍ 296 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. പതിനായിരത്തിലേറെ പേര്‍ നിരീക്ഷണത്തിലാണ്. ചൈനയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുകാരണം കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്ന സംഭവങ്ങള്‍ അപൂര്‍വ്വമല്ല. 2016ല്‍ തൊഴിലാളികള്‍  താമസിച്ചിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണ് 20 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഷാങ്ഹായില്‍ അറ്റകുറ്റപ്പണിക്കിടെ വ്യാപാര സമുച്ചയം തകര്‍ന്ന് 10 പേരാണ് മരിച്ചത്.