മസ്ജിദുല്‍ അഖ്‌സ അടച്ചു

245
മസ്ജിദുല്‍ അഖ്‌സ

കോവിഡ് 19 വൈറസിനെതിരെയുള്ള മുന്‍കരുതലെന്നോണം മസ്ജിദുല്‍ അഖ്‌സ അടച്ചിടാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. പുറത്ത് പ്രാര്‍ത്ഥന അനുവദിക്കും. ഇസ്്‌ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായ മസ്ജിദുല്‍ അഖ്‌സ മുന്‍കരുതല്‍ നടപടിയായി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്ന് അല്‍ അഖ്‌സാ മസ്ജിദ് ഡയറക്ടര്‍ ഉമര്‍ കിസ്‌വാനി പറഞ്ഞു. മസ്ജിദുല്‍ അഖ്‌സയുടെ പുറത്തെ തുറസ്സായ സ്ഥലത്തേക്ക് പ്രാര്‍ത്ഥന മാറ്റാനാണ് തീരുമാനം. അധിനിവേശ ഫലസ്തീനിലെ മുസ്്‌ലിം പള്ളികളും ചര്‍ച്ചുകളും അടച്ചിടാന്‍ ഫലസ്തീന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയം ഉത്തരവിട്ടതായി വഫ വാര്‍ത്താ ഏജന്‍സി അറിയിച്ചു. നിസ്‌കാരം വീട്ടില്‍ വെച്ച് നിര്‍വഹിക്കാന്‍ ഫലസ്തീനികളിലെ പള്ളികളില്‍നിന്ന് ഉച്ചഭാഷണിയിലൂടെ അഭ്യര്‍ത്ഥിക്കുന്നുണ്ട്. വെസ്റ്റ്ബാങ്കില്‍ മൂന്ന് പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി ഫലസ്തീന്‍ അതോറിറ്റി വക്താവ് ഇബ്രാഹിം മെല്‍ഹം പറഞ്ഞു. ഇതോടെ ഫലസ്തീനില്‍ രോഗബാധിതരുടെ എണ്ണം 38 ആയി. ബെത്ത്‌ലഹേമിലെ ചര്‍ച്ച് ഓഫ് ദ നേറ്റിവിറ്റി അടച്ചു. പബ്ലിക് പാര്‍ക്കുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം അടച്ചിരിക്കുകയാണ്. സമ്മേളനങ്ങളും കായിക പരിപാടികളും റദ്ദാക്കി. ഇസ്രാഈലില്‍ ഇതുവരെ 200 പേരില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പിങ് കേന്ദ്രങ്ങളും റസ്റ്റോറന്റുകളും അടച്ചതായി ഇസ്രാഈലും അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ പത്തിലേറെ പേര്‍ ഒരുമിച്ചു കൂടരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്.