കോവിഡ് 19 ഭീഷണിയായ സാഹചര്യത്തില്‍ നിയന്ത്രണം വന്നതോടെ സഊദി ഉള്‍പ്പെടെ പ്രധാന സെക്ടറുകളിലേക്കുള്ളസര്‍വീസുകള്‍ ഇന്നലെയോടെ അവസാനിച്ചു. സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ രാജ്യങ്ങളിലേക്കാണ് മുഴുവന്‍ സര്‍വീസുകളും അവസാനിപ്പിച്ചത്.
സഊദിയിലേക്കുള്ള രണ്ട് വിമാനങ്ങള്‍ ഇന്നലെ രാവിലെ കരിപ്പൂരില്‍ എത്തിയിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കി. രാവിലെ 8, 9 സമയങ്ങളിലായി വന്ന സഊദി എയറിന്റെ റിയാദ്,ജിദ്ദ വിമാനങ്ങളാണ് കരിപ്പൂരില്‍ എത്തി സര്‍വീസ് അവസാനിപ്പിച്ചത്. 282 യാത്രക്കാര്‍ പുറപ്പെടാന്‍ എത്തിയിരുന്നുവെങ്കിലും ഇവരെ കയറ്റാതെയാണ് തിരിച്ചു പോയത്. 60000ത്തില്‍ അധികം രൂപ നല്‍കി ഏറെ പ്രയാസപ്പെട്ട് ടിക്കറ്റുകള്‍ തരപ്പെടുത്തിയ ഇവര്‍ നിരാശരായാണ് തിരിച്ചുപോയത്.
വിസയുള്ളവര്‍ക്ക് തിരിച്ചെത്താന്‍ സഊദി നല്‍കിയ സമയപരിധി ഇന്നലെ അസാനിച്ചിരിക്കെയാണ് ഇവര്‍ കുരുക്കില്‍പെട്ടത്. കാസര്‍കോഡ് നിന്ന് വരെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ജിദ്ദ, റിയാദ് എന്നിവിടെങ്ങളിലേക്കുള്ള ഇവരെ ഇന്നലെ കൊണ്ടുപോവുമെന്ന ഉറപ്പിലാണ് ടിക്കറ്റ് നല്‍കിയിരുന്നത്. എന്നാല്‍ അധികൃതര്‍ വഞ്ചിച്ചതായിയാത്രക്കാര്‍ പറഞ്ഞു. നീണ്ട കാത്തിപ്പിന് ശേഷം ലഭിച്ച അവധിയുമായി നാട്ടില്‍ വന്നവര്‍ സഊദി അറിയിപ്പ് വന്നതോടെ അവധി ഉപേക്ഷിച്ച് മടങ്ങവെയാണ് കുരുക്കിലായത്. പലരും കരഞ്ഞുകൊണ്ടായിരുന്നു വേദന പങ്കിട്ടത്. മുഴുവന്‍ സഊദി സര്‍വീസുകളും നിന്നതോടെ വിസ കാലാവധിയുള്ളവര്‍ക്ക് ഇനി സഊദി മന്ത്രാലയത്തിന്റെ നിയന്ത്രണ കാല പരിധിശേഷമുള്ള പ്രഖ്യാപനത്തില്‍ മാത്രമാണ് പ്രതീക്ഷ.
എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍ ജിദ്ദ, എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ റിയാദ്,ദമാം സര്‍വീസുകള്‍, സഊദി എയര്‍ ലൈന്‍സിന്റെ കരിപ്പൂര്‍ ജിദ്ദ, റിയാദ്,നാസ് എയര്‍ ലൈന്‍സിന്റെ കരിപ്പൂര്‍ റിയാദ്, ഇന്‍ഡിഗോയുടെ കരിപ്പൂര്‍ റിയാദ്, ദമാം സര്‍വ്വീസുകളാണ് ഇന്നലെയോടെ നിര്‍ത്തിയത്.
എയര്‍ ഇന്ത്യ ജംബോ സര്‍വീസുകള്‍ നേരത്തെ തന്നെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. പുറമെ ഖത്തര്‍ എയര്‍വേയ്‌സ്, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിവയുടെ കരിപ്പൂരില്‍ നിന്നുള്ള ദോഹ സര്‍വീസും, എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ കുവൈത്ത് സര്‍വ്വീസും നിര്‍ത്തലാക്കിയതില്‍ പെടും. എയര്‍ അറേബ്യ, ഇത്തിഹാദ് എയര്‍, ഒമാന്‍ എയര്‍ , ഗള്‍ഫ് എയര്‍ എന്നിവയുടെ കരിപ്പൂരില്‍ നിന്നും യുഎഇ, ഒമാന്‍, ബഹറൈന്‍ വഴി സഊദിയിലേക്കുണ്ടായിരുന്ന കണക്ഷന്‍ വിമാനങ്ങളും നിര്‍ത്തിയിട്ടുണ്ട്.
നിലവില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഷാര്‍ജ, എയര്‍ അറേബ്യ, ദുബായിലേക്കുള്ള എയര്‍ ഇന്ത്യാഎക്‌സ്പ്രസ്, അബൂദാബിയിലേക്കുള്ള ഇത്തിഹാദ് എയര്‍ലൈന്‍സ്, സ്‌പൈസ്‌ജെറ്റ്, ഒമാനിലേക്കുള്ള ഒമാന്‍ എയര്‍ , ബഹറൈനിലേക്കുള്ള ഗള്‍ഫ് എയര്‍ എന്നീ വിമാനങ്ങള്‍ മാത്രമാണ് കരിപ്പൂരില്‍ സര്‍വ്വീസ് നടത്തുന്നത്. കോവിഡിനെ തുടര്‍ന്ന് കരിപ്പൂരിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വിമാനത്താവളംതിരക്കൊഴിഞ്ഞു. ഇനി മാര്‍ച്ച് 31വരെ കരിപ്പൂര്‍ വിമാന ത്താവളം ശാന്തമാവും. കരിപ്പൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണിത്.