സി.പി.എം നിലപാടില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രതിഷേധക്കാര്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ തയാറാകണം: ഉമ്മന്‍ചണ്ടി

മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരൂരില്‍ സംഘടിപ്പിച്ച ദേശരക്ഷാ സദസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സാദിഖലി ശിഹാബ് തങ്ങളെ ഷാളണിയിക്കുന്നു

തിരൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരായ സി.പി.എം നിലപാടില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇതിനെതിരെ സമരം ചെയ്തവര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചണ്ടി.
തിരൂരില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന ദേശരക്ഷാ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെയാണ് വ്യാപകമായി കേസെടുത്തിരിക്കുന്നത്. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നതിനെതിരെ രാജ്യവ്യാപകമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ഉയര്‍ന്നു.
ഈ സമരങ്ങളൊന്നും അക്രമത്തിന്റെ വഴിയിലൂടെ ആയിരുന്നില്ല. തീര്‍ത്തും സമാധാനത്തിന്റെ മാര്‍ഗത്തിലൂടെയുള്ള സഹന സമരങ്ങളാണ്. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും ആശയങ്ങളും നെഞ്ചിലേറ്റിയാണ് ഇത്തരം സമരങ്ങള്‍ നടക്കുന്നത്.
സി.പി.എം ഇങ്ങനെയല്ല, ഇവര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ശ്രമിച്ചത്. പ്രതിഷേധത്തിന് മുമ്പില്‍ തങ്ങള്‍ ഉണ്ടെന്നു വരുത്തിത്തീര്‍ക്കുകയും സമരം ചെയ്ത പ്രതിഷേധക്കാരെ ജയിലില്‍ അടക്കുകയുമാണ് ചെയ്യുന്നത്. ഈ സമരത്തോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അത്തരം കേസുകള്‍ പിന്‍വലിച്ച് രാജ്യനന്മയുടെ കൂടെ നില്‍ക്കണം.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ദേശരക്ഷാ സദസ്’ പ്രതിഷേധ പരിപാടി മനസാക്ഷിയുടെ പ്രതീകമായാണ് ഞാന്‍ കാണുന്നത്. ഡല്‍ഹി കലാപത്തിന് ശേഷം ഇന്ത്യയിലെ ജനങ്ങള്‍ ദുഃഖിതരാണ്. അവര്‍ക്ക് ആശ്വാസം പകരാന്‍ ഇത്തരം സമരങ്ങള്‍ കൊണ്ട് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശരക്ഷാ സദസില്‍ പങ്കെടുക്കാനെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പാണക്കാട് സയ്യിദ്‌സാദിഖലി ശിഹാബ് തങ്ങള്‍ സ്വീകരിക്കുന്നു