കൊച്ചി വിമാനത്താവളത്തില്‍ വീഴ്ച: പ്രവാസികള്‍ക്ക് ആശങ്ക

ജാഗ്രതക്കുറവുണ്ടെന്ന് യാത്രക്കാര്‍

റസാഖ് ഒരുമനയൂര്‍
അബുദാബി:കൊച്ചി വിമാനത്താവളത്തില്‍ കൊറോണ വൈറസ് ബാധിച്ചയാള്‍ സഞ്ചരിക്കാനിടയായതില്‍ പ്രവാസികള്‍ക്ക് ആശങ്ക.വിമാനത്താവളത്തില്‍ നടത്തുന്ന നിരീക്ഷണങ്ങളും പരിശോധനകളും അപര്യാപ്തമാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചുകൊ ണ്ടാണ് ഇന്നലെ വിദേശപൗരന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്തിലെത്തിയ ത്.നേരത്തെ ഇറ്റലിയില്‍നിന്നെത്തിയവരെ പരിശോധനക്ക് വിധേയമാക്കുന്നതിലും തുട ര്‍നിരീക്ഷണത്തിലും വീഴ്ച പറ്റിയ അധികൃതര്‍ തുടരെ കാണിച്ച അലംഭാവമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
കേരളത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്ന ജാഗ്രതക്കുറവ് വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ഏറെ ആശങ്കാകുലരാക്കുന്നുണ്ട്.അത്യാവശ്യകാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് ഇത്തരം സംഭവങ്ങള്‍ മൂലമുണ്ടാകുന്ന മാനസിക സംഘര്‍ഷം പലപ്പോഴും താങ്ങാവുന്നതിലേറെയാണ്.കേരള ത്തില്‍ വൈറസ് പടര്‍ന്നുപിടിക്കുന്നതിന് ഇത്തരം ജാഗ്രതക്കുറവ് കാരണമായിത്തീരു മെന്ന് പ്രവാസികള്‍ ആശങ്കപ്പെടുന്നു.
വിമാനത്താവളത്തില്‍ ഉണ്ടായിട്ടുള്ള പരിശോധനകളിലെ അപര്യാപ്തതയും ജാഗ്രതക്കുറവും തന്നെയാണ് വിദേശപൗരന് വിമാനത്തില്‍കയറുന്നതിനുവരെ സഹായകമായതെന്നതില്‍ സംശയമില്ല.കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങിയ പലര്‍ക്കും ഇക്കാര്യം ബോധ്യപ്പെടുകയും ചെയ്തതാ യി അനുഭവസ്ഥര്‍ പറയുന്നു.വേണ്ടത്ര പരിശോധനകളൊന്നുമില്ലാതെത്തന്നെ വളരെവേ ഗത്തില്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞതായി യാത്രക്കാര്‍ പറയുന്നു.അധികൃതരുടെതായി സോഷ്യല്‍മീഡിയയിലും മറ്റും പ്രചരിപ്പിച്ച പ്രത്യേക ഫോറം പൂരിപ്പിച്ചു കൊടുക്കുന്നതോടെ എല്ലാം സുരക്ഷിതമാണെന്ന നിലപാടാണ് വിമാനത്താവളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
ഇക്കാര്യത്തില്‍ വിമാനത്താവള അധികൃതരും ആരോഗ്യവകുപ്പും വേണ്ടത്ര ശുഷ് കാന്തി കാണിച്ചില്ലെങ്കില്‍ കൊറോണയുടെ കാര്യത്തില്‍ കേരളം വന്‍വില നല്‍കേണ്ടിവരുമെന്നതില്‍ സംശയമില്ല.കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വിമാനസര്‍വ്വീസുകളുടെ കാര്യത്തിലും പ്രയാസം സൃഷ്ടിച്ചേക്കാനിടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.കൃത്യമായ പരിശോധനകളും നിരീക്ഷണങ്ങളുമില്ലാതെ ആര്‍ക്കും യാത്ര ചെയ്യാന്‍ കഴിയുന്ന സാഹചര്യം തീര്‍ത്തും ഒഴിവാക്കേണ്ടതാണ്.ലോകരാജ്യങ്ങള്‍ അത്യധികം ജാഗ്രതയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യുന്ന കോവിഡ് 19 പടരാതിരിക്കുന്നതിന് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയാറാവണം.
ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ ഏറെ ആശങ്കയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.പ്രധാനമായും വിമാനസര്‍വീസുകള്‍ നിലക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ഓരോ പ്രവാസിയും പ്രാര്‍ത്ഥിക്കുന്നു.അനിവാര്യഘട്ടങ്ങളിലെ യാത്രകള്‍ മാത്രമെ പാടുള്ളുവെന്ന് ഗള്‍ഫ് ആരോഗ്യമന്ത്രാലയം അധികൃതര്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിട്ടുണ്ട്.അതുകൊണ്ടുതന്നെ ഓരോ യാത്രക്കാരനും ഇക്കാര്യത്തില്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്.നാട്ടിലേക്ക് പോയാല്‍ തിരിച്ചുവരാന്‍ കഴിയുമോ എന്ന ആശങ്കയാണ് ഏറ്റവുമധികം അലട്ടിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം യുഎഇയില്‍ ഒരു ഇന്ത്യക്കാരനുകൂടി രോഗം സ്ഥിരീകരിക്കപ്പെട്ടതും പ്രവാസികളെ വിഷമത്തിലാക്കിയിട്ടുണ്ട്.ഇദ്ദേഹം അവധി കഴിഞ്ഞെത്തിയതാണെന്നതാണ് കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നത്.