നിയന്ത്രണാതീതം

9
ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരെ ഇന്‍ഡോര്‍ എയര്‍പോര്‍ട്ടില്‍ പരിശോധിക്കുന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍

ഇറ്റലിയില്‍ 24 മണിക്കൂറില്‍ മരിച്ചത് 627പേര്‍

ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് 19 വ്യാപനത്തെതുടര്‍ന്ന് മരിച്ചവരുടെ എണ്ണം 11,000 കവിഞ്ഞു. ലോകാരോഗ്യസംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 11,399 പേരാണ് ഇതുവരെ  മരിച്ചത്. ഇറ്റലിയിലെ മരണസംഖ്യയാണ് ലോകത്തെ മുഴുവന്‍ ഭയപ്പെടുത്തുന്നത്. ഒറ്റ ദിവസം കൊണ്ട് 627 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഇറ്റലിയിലെ മൊത്തം കോവിഡ് മരണസംഖ്യ 4,032ലെത്തി. ചൈനയില്‍ 3139 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കോവിഡ് 19 വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഒറ്റ തദ്ദേശവ്യാപനം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നിരിക്കെയാണ് ചൈനക്ക് പുറത്ത് എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് മഹാമാരി പടര്‍ന്നു പന്തലിക്കുന്നത്. ഇറാനില്‍ 1433 പേരും സ്‌പെയിനില്‍ 1093 പേരുമാണ് ഇതുവരെ മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ടു വരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്തൊട്ടാകെ 2,75,000 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കോടിക്കണക്കിന് പേരാണ് രോഗബാധ സംശയിച്ചും രോഗംസ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയും നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇന്ത്യയില്‍ 298 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
കേരളത്തില്‍ 12 പേര്‍ക്കുകൂടി; ബാധിതര്‍ 52
6 കാസര്‍ക്കോട്, 3 കണ്ണൂര്‍, 3 എറണാകുളം
സ്വദേശികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയിലും കോവിഡ് 19 ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇന്നലെ ഉച്ചക്ക് ഒരു മണി വരെയുള്ള കണക്കുകള്‍ പ്രകാരം 298പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗമുക്തി നേടിയവരടക്കമാണിത്.
കൂടുതല്‍ സംസ്ഥാനങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് വരെ റിപ്പോര്‍ട്ട് ചെയ്ത 223 കേസില്‍ നിന്നാണ് മണിക്കൂറുകള്‍ കൊണ്ട് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
കേരളത്തില്‍ 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 6 കാസര്‍ക്കോട്, 3 കണ്ണൂര്‍, 3 എറണാകുളം സ്വദേശികള്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. എല്ലാവരും ഗള്‍ഫില്‍ നിന്നും വന്നവരാണ്. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി.