ലോകം ഭീതിയില്‍; മരണ സംഖ്യ ഉയരുന്നു

51
കൊറോണ സ്ഥിരീകരിച്ച രോഗിയെ ഐസൊലേറ്റഡ് സ്ട്രക്ചറില്‍ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റുന്ന ആരോഗ്യ പ്രവര്‍ത്തകര്‍. ദക്ഷിണ കൊറിയയിലെ ദേഗുവിലുള്ള ക്യുങ്‌പോക് നാഷണല്‍ യൂണിവേഴ്‌സിറ്റി ആസ്പത്രിയില്‍നിന്നുള്ള ദൃശ്യം

ഇറാനില്‍ 17 പേര്‍ കൂടി മരിച്ചു; നെതര്‍ലന്റ്‌സില്‍ ആദ്യ മരണം; ഇറ്റലിയിലും സ്ഥിതി ഗുരുതരം വത്തിക്കാന്‍, കാമറൂണ്‍, സെര്‍ബിയ എന്നിവിടങ്ങളിലും കോവിഡിന് സ്ഥിരീകരണം

വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ്-19 (കൊറോണ) രോഗ ബാധ ഭീതി പടര്‍ത്തുന്നത് തുടരുന്നു. ഇന്നലെയോടെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. മരണ സംഖ്യ 3356 ആയി ഉയരുകയും ചെയ്തു. ചൈനയിലെ മരണം താരതമ്യേന കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റു പല രാജ്യങ്ങളിലും കോവിഡ് ഭീതി പടര്‍ത്തുകയാണ്. കോവിഡ് 19 ന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ മരണ സംഖ്യ 3015 ആണ്. 80,415 പേര്‍ക്കാണ് ഇവിടെ സ്ഥിരീകരിച്ചത്. ചൈനക്ക് പുറത്ത് ഏറ്റവും ഉയര്‍ന്ന മരണസംഖ്യ ഇറ്റലിയിലാണ്. 148 പേരാണ് ഇവിടെ മരിച്ചത്. വ്യാഴാഴ്ച മാത്രം 48 പേരാണ് ഇറ്റലിയില്‍ മരണത്തിന് കീഴടങ്ങിയത്. 351 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്. ഇറാനില്‍ 124 പേര്‍ മരിച്ചതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈന ഒഴികെയുള്ള രാജ്യങ്ങളില്‍ ഇതുവരെ 267 പേരാണ് മരണപ്പെട്ടത്.
ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ വ്യാപനം ഇനിയും തടയാന്‍ കഴിഞ്ഞിട്ടില്ല. ദിവസവും പുതിയ പുതിയ റിപ്പോര്‍ട്ടുകളാണ് വിവിധ രാജ്യങ്ങളില്‍ നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കൊറോണ വൈറസ് കേസുകളുടെ എണ്ണവും ക്രമാധീതമായി ഉയരുകയാണ്.
അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. വാഷിംഗ്ടണിലെ കിംഗ് കൗണ്ടിയിലാണ് അവസാനമായി അമേരിക്കയില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ മാര്‍ച്ച് അഞ്ച് വരെ 129 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇത് 225 കേസുകളെങ്കിലുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലും ദക്ഷിണ കൊറിയയിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ഒറ്റരാത്രികൊണ്ട് 200 പുതിയ കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. ബ്രിട്ടന്റെ രണ്ട് എയര്‍വേഴ്‌സ് സ്റ്റാഫിനും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ വീട്ടില്‍ സുഖം പ്രാപിച്ചു വരികയാണെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
ഇന്നലെ വത്തിക്കാന്‍, കാമറൂണ്‍, സെര്‍ബിയ രാജ്യങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. വത്തിക്കാനില്‍ റിപ്പോര്‍ട്ട് പോസിറ്റീവ് ആയതോടെ രോഗിയെ പരിശോധിച്ച ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കുകയും ക്ലിനിക്ക് വൃത്തിയാക്കുകയും ചെയ്തതായി വക്താവ് മാറ്റിയോ ബ്രൂണി വെള്ളിയാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കാമറൂണില്‍ ഫ്രഞ്ച് പൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 24 മുതല്‍ തലസ്ഥാനമായ യാണ്ടെയിലെ ആസ്പത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. സെര്‍ബിയില്‍ 43 കാരനാണ് കൊറോണ ബാധ കണ്ടെത്തിയത്. രാജ്യത്ത് ആദ്യത്തെ രോഗിയാണെന്ന് ആരോഗ്യ മന്ത്രി സ്്‌ലാറ്റിബോര്‍ ലോങ്കര്‍ പറഞ്ഞു. പുതുതായി ഒരാളില്‍ കൂടി വൈറസ് സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 31 ആയി ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചയില്‍ ആറ് പേര്‍ക്കായിരുന്നു കൊറോണ ബാധിച്ചിരുന്നതെങ്കില്‍ ഒരാഴ്ചയില്‍ ഇത് 31 ആയി ഉയരുകയാണുണ്ടായത്. തായിലാന്റിലേക്കും മലേഷ്യയിലേക്കും യാത്ര ചെയ്തിരുന്ന ആളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഡല്‍ഹിയില്‍ കൊറോണ ബാധിതര്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ ഈ മാസം 31 വരെ പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ഡല്‍ഹി പാര്‍ലമെന്റ് ഹൗസില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റ് പരിസരത്ത് ആളുകള്‍ ഒത്തു കൂടുന്നതിനും സന്ദര്‍ശകര്‍ക്ക് പാര്‍ലമെന്റിലേക്ക് വരുന്നതിനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇറാനില്‍ നിന്നുള്ള 13 അംഗ സംഘം പഞ്ചാബിലെ അമൃത്സറില്‍ നീരീക്ഷണത്തിലാണ്. വൈദ്യ പരിശോധന പൂര്‍ത്തിയാകുന്നത് വരെ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. ഫിലിപ്പീന്‍സില്‍ ഇന്നലെ രണ്ട് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ ജപ്പാനില്‍ നിന്നുമെത്തിയവരാണ്. ഫിലിപ്പീന്‍സില്‍ ഇതുവരെ അഞ്ച് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 80 ലധികം പേര്‍ക്ക് രോഗമുണ്ട്.
ഇതില്‍ കൂടുതല്‍ പേരും ജപ്പാനില്‍ പിടിച്ചിട്ടിരുന്ന ഡയമണ്ട് ക്രൂയിസ് കപ്പലില്‍ ജോലി ചെയ്യുന്നവരാണ്. കൊറോണ വൈറസ് ആഗോള തലത്തില്‍ എണ്ണ വിലയെയും ബാധിച്ചതായാണ് ഒപെക് രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഇന്നലെ 5.0 ശതമാനത്തിലധികം നഷ്ടമുണ്ടായതായാണ് വിവരം. ഒപെക് സഖ്യകക്ഷികള്‍ ശുപാര്‍ശ ചെയ്യുന്ന കൂടുതല്‍ ഔട്ട്പുട്ട് വെട്ടികുറക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടയില്‍ ജപ്പാനിലേക്ക് ദക്ഷിണ കൊറിയയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം തടഞ്ഞ തീരുമാനവുമുണ്ടായി. എന്നാല്‍ തീരുമാനത്തിനെതിരെ ദക്ഷിണ കൊറിയ ശക്തമായ ഭാഷയില്‍ പ്രതിഷേധമറിയിച്ചു.