വിദ്യാര്‍ത്ഥിക്ക് കൊറോണ ബാധ- ദുബൈയിലെ ഇന്ത്യന്‍ ഹൈസ്‌കൂളുകള്‍ വ്യാഴാഴ്ച മുതല്‍ അടച്ചിടും

    33

    ദുബൈ: കോവിഡ്-19 മുന്‍കരുതലുകളുടെ ഭാഗമായി ദുബൈയിലെ ഇന്ത്യന്‍ ഹൈസ്‌കൂളുകള്‍ ഇന്ന് മുതല്‍ അടച്ചിടും. ഇതുസംബന്ധിച്ച് സ്‌കൂള്‍ ഗ്രൂപ്പ് രക്ഷിതാക്കള്‍ക്ക് സന്ദേശം അയച്ചു. പരീക്ഷ സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട് മെയില്‍ ചെയ്യുമെന്നും അറിയിപ്പുണ്ട്്. കൊറോണ വൈറസ് വ്യാപകമായി പടരുന്നതായുള്ള ഭീതിയില്‍ രാജ്യമാകെ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഞായറാഴ്ച മുതല്‍ നാല് ആഴ്ചത്തേക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദുബൈയിലെ എല്ലാ സ്‌കൂളുകളിലും രക്ഷിതാക്കള്‍ക്ക് ഡിക്ലറേഷന്‍ നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ അടുത്തിടെ യാത്രചെയ്തതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യട്ടിരുന്നു. ഇതുപ്രകാരം ഊദ്‌മേത്തയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് കൊറോണ ബാധിച്ചതായി സംശയിക്കുന്നു. ഈ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് കൊറോണ ബാധിത രാജ്യത്തേക്ക് യാത്ര ചെയ്തിരുന്നതായും പറയുന്നു. ദുബൈയിലെ ഇന്ത്യന്‍ സ്‌കൂളിലെ 16 വയസ്സുള്ള വിദ്യാര്‍ത്ഥിക്ക്് പരിശോധനയില്‍ പോസിറ്റീവാണെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് വിദേശയാത്ര ചെയ്തിരുന്നു. തിരികെയെത്തി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. വിദ്യാര്‍ത്ഥിയെയും കുടുംബത്തെയും ആസ്പത്രിയില്‍ പാര്‍പിച്ചിരിക്കുകയാണ്. ഇവരുടെ മറ്റു കുടുംബാംഗങ്ങളെയും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട മറ്റുള്ളവരെ നിരീക്ഷിക്കാന്‍ നിര്‍ദേശമുണ്ട്. സ്‌കൂള്‍ പൂര്‍ണമായും സാനിറ്റൈസ് ചെയ്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.