കൊറോണ : ബഹ്‌റൈനിൽ അഞ്ച് പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 (കൊറോണ) വൈറസ് ബാധയേറ്റ അഞ്ച് പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. പുതിയതായി ആറ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം മാര്‍ച്ച് 11,7pm പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കിവരുടെ എണ്ണം 35 ആയി ഉയര്‍ന്നു. നിലവില്‍ 83 പേരാണ് ചികിത്സയിലുള്ളത്.

നേരത്തെ ഇറാനില്‍ നിന്ന് ബഹ്റൈനിലെത്തിച്ചവരില്‍ 77 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് പ്രത്യേകമായി ചികിത്സയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. ബഹ്റൈന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് ഇവര്‍ തിരികെയെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ഇവരെ ഐസലോഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ ബഹ്റൈനിലെത്തിയ രോഗബാധിതരും കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തിലെത്തിവരും ഉള്‍പ്പെടെ (82+77) 159 പേരാണ് ബഹ്റൈനിലെ കൊറോണ ബാധിതരായി ചികിത്സയിലുള്ളത്. നിലവില്‍ 8650 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

ചികിത്സയിലുള്ള 160 പേരില്‍ ഒരാളൊഴികെയുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ബഹ്‌റൈന്റെ ആരോഗ്യമന്ത്രാലയം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.