കോവിഡ്-19: യുഎഇയില്‍ ഫലപ്രദമായ പ്രതിരോധം
ദുബൈ: കോവിഡ്-19 ലോകത്ത് പൊട്ടിപ്പുറപ്പെട്ട ശേഷം ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനം നടത്തി യുഎഇ ശ്രദ്ധിക്കപ്പെടുന്നു. ഏകദേശം ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ താമസിക്കുന്ന യുഎഇ തുടക്കം മുതല്‍ തന്നെ അതീവ ജാഗ്രത പുലര്‍ത്തുകയും ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ പ്രകാരം പ്രതിരോധ ചികിത്സാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതുവരെ 1,25,000 പരിശോധനകള്‍ നടത്തിയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതുപ്രകാരം ഒരു മില്യന്‍ ആളുകളില്‍ നിന്നും ശരാശരി 13,000 ആളുകളെ പരിശോധനക്ക് വിധേയമാക്കി. ലോകത്ത് ഏറ്റവുമധികം പരിശോധനകള്‍ നടത്തിയിട്ടുള്ളത് യുഎഇയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ യുഎഇയില്‍ 98 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 2020 ജനുവരി 29ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന നാലംഗ കുടുംബത്തിനാണ് ആദ്യമായി കൊറോണ കണ്ടെത്തിയത്. ഇതുവരെ 26 പേര്‍ക്ക് പേര്‍ക്ക് രോഗം പൂര്‍ണമായും സുഖപ്പെട്ടു. ഇപ്പോള്‍ ആഗോളമായി വൈറസ് അതിവേഗത്തില്‍ പടരുകയാണ്. ഓരോ രാജ്യങ്ങളും വിവിധ രീതിയിലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവരുന്നു. കോവിഡ്-19 നിയന്ത്രിക്കാനാവാത്ത വിധം പടരുന്ന സാഹചര്യത്തില്‍ യുഎഇ മുന്‍കരുതല്‍ നടപടികള്‍ ദ്രുതഗതിയില്‍ സ്വീകരിച്ചു. യാത്രാനിയന്ത്രണം അടക്കം വിവിധ പ്രതിരോധ മാര്‍ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. വിദ്യാലയങ്ങള്‍ക്ക് നേരത്തെ തന്നെ അവധി നല്‍കി. പാര്‍ക്കുകളും ബീച്ചുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടു.