
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്നലെ രണ്ടുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 30ലെത്തി. ഇതില്‍ കേരളത്തില്‍ സ്ഥിരീകരിച്ച ആദ്യ മൂന്നു കേസുകളില്‍ രോഗബാധിതര്‍ ചികിത്സ പൂര്‍ത്തിയാക്കി ആസ്പത്രി വിട്ടിരുന്നു. ശേഷിച്ച 27 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്. ഇറ്റാലിയില്നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ 16 പേരും ഇതില്‍ ഉള്‍പ്പെടും.
ഒടുവില്‍ സ്ഥിരീകരിച്ചത്
ഗാസിയാബാദ് സ്വദേശിയില്‍
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിക്കാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഇയാളുടെ രക്ത സാമ്പിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് പരിശോധന നടത്തിയതിലാണ് രോഗബാധ കണ്ടെത്തിയത്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്നുപേരിലാണ് ആദ്യം കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ ഇറ്റലിയിലും ഒരാള്‍ ഇറാനിലും സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയവരായിരുന്നു. ഈ രണ്ടു രാജ്യങ്ങളിലും നേരത്തെതന്നെ കൂടുതല്‍ കോവിഡ് 19 കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തതാണ്. ഇറ്റലി യാത്ര കഴിഞ്ഞെത്തിയ ഡല്‍ഹി സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് രോഗം ബാധിച്ച മറ്റ് ആറുപേര്‍. ദുബൈയില്‍നിന്നെത്തിയ ഹൈദരാബാദ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ സംഘത്തിന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ച ഇന്ത്യക്കാരനും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകത്തൊട്ടാകെ 3280 മരണം.
രോഗബാധ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഈമാസം നടക്കാനിരുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടി മാറ്റിവെച്ചിട്ടുണ്ട്. ഗുര്‍ഗോണ്‍ മാരത്തണും മാറ്റിവെച്ചു. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറുകളോട് അതീവ ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്കി. കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഭവനോടു ചേര്‍ന്ന മുഗള്‍ ഗാര്‍ഡനില്‍ നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിക്കില്ലെന്ന് രാഷ്ട്രപതിയുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം മണിപ്പൂരില്‍ കൊറോണ ലക്ഷണങ്ങളോടെ ചികിത്സ തേടിയ 12 പേരുടെ രക്ത പരിശോധനയില്‍ 10 പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. മറ്റു രണ്ടുപേരുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.ലോകത്തൊട്ടാകെ 75 രാജ്യങ്ങളിലാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. 95,000ത്തിലധികം പേരില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 3280 പേര് ഇതുവരെ മരിച്ചു. ചൈനയില്‍ മാത്രം 3012 പേരാണ് മരിച്ചത്.