കോവിഡ് 19 കേരളത്തില്‍ പുതിയ കേസില്ല
കോവിഡ് 19 ഭീതിക്കിടെ കേരളത്തിന് ആശ്വാസ ദിനം. ഇന്നലെ സംസ്ഥാനത്ത് പുതുതായി കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. സംസ്ഥാനത്ത് 3313 പേര്‍ ആണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 293 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 1179 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചതില്‍ 889 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇനി 273 സാമ്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ട 969 പേര്‍ നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിലുള്ള 13 ശതമാനം ആളുകള്‍ 60 വയസിനു മുകളിലുള്ളവരാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. പത്തനംതിട്ട പ്രത്യേക നിരീക്ഷണത്തിലാണുള്ളതെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ടയില്‍ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 70 പേര്‍ വിളിച്ചു. ഇതില്‍ 15 പേര്‍ പ്രൈമറി ലിസ്റ്റിലുള്ളവരാണ്. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് രോഗ ലക്ഷണമുള്ളത്. വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അതേ സമയം കോവിഡ് ലക്ഷണങ്ങള്‍ കണ്ട 19 പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവാണെന്ന് കണ്ടെത്തി. കൊല്ലം (5), കോട്ടയം (3), പത്തനംതിട്ട (10) എന്നിങ്ങനെയാണ് ഫലം. പത്തനംതിട്ട ജില്ലയില്‍ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതില്‍ അഞ്ചു പേരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇവര്‍ ഇനി 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. പരിശോധന ഫലം നെഗറ്റീവായ മറ്റ് അഞ്ച് പേരെ കൂടി വീടുകളിലേക്ക് മാറ്റും. ഇറ്റലിയില്‍ നിന്നും രോഗം ബാധിച്ച് റാന്നിയിലെത്തിയവരുടെ ബന്ധുക്കളാണ് നെഗറ്റീവായ അഞ്ച് പേര്‍. അതേ സമയം ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില തൃപ്തികരമാണ്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരുന്ന ആറു പേരുടെ പരിശോധന ഫലവും നെഗറ്റീവാണ്. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ സന്ദര്‍ശിച്ച ബന്ധുക്കളേയും അയല്‍വാസികളേയുമാണ് ഇവിടെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നത്. കോട്ടയത്ത് നിരീക്ഷണത്തിലിരുന്ന മൂന്ന് പേരുടെ പരിശോധന ഫലവും നെഗറ്റീവാണ്. ഇറ്റലിയില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവരെ വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടു വന്ന ചെങ്ങളം സ്വദേശിയുടെ നാലര വയസുള്ള കുട്ടിയുടെ ഫലവും നെഗറ്റീവാണ്. ചെങ്ങളം സ്വദേശിയും ഭാര്യയും രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി ഇറ്റലിയില്‍ നിന്നും എത്തിയ 35 പേരെ ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും വീടുകളിലേക്ക് അയക്കാന്‍ തീരുമാനിച്ചു. വീടുകളില്‍ 28 ദിവസം നിരീക്ഷണം തുടരണം. എറണാകുളം ജില്ലയില്‍ ആകെ 417 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആലുവ ആശുപത്രിയിലേക്ക് മാറ്റിയ ഇറ്റലിയില്‍ നിന്നെത്തിയവരെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിക്കുകയായിരുന്നു. അതേ സമയം കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന പ്രായമായ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കൂടുതല്‍ ചികിത്സക്കായി ഇരുവരേയും ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റി.