സംസ്ഥാനത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 52 ആയി

21

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.. ഇതിൽ ആറ് പേർ കാസർകോട്ടും മറ്റും മൂന്നുപേർ കണ്ണൂരും കൊച്ചിയിലും ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.. ഇവരെല്ലാവരും ഗൾഫിൽ നിന്നെത്തിയവരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 52 ആയി.

കാസർകോട്ട് പുതിയതായി രോഗം സ്ഥിരീകരിച്ച ആറുപേരും പുരുഷന്മാരാണ്. ഇവരെല്ലാവരും ദുബായിൽനിന്ന് വന്നവരാണ്. ഇതിൽ രണ്ടു പേർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് നാലുപേരെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ ഡോ.എ.വി.രാംദാസ് അറിയിച്ചു.
ഉപ്പള,​ കുഡ്‌ലു,​ പൂച്ചക്കാട്,​മൊഗ്രാൽ,​കളനാട്,​ തളങ്കര പ്രദേശങ്ങളിൽ നിന്നുള്ളവരാണ് കൊറോണ സ്ഥിരീകരിച്ചവർ..

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം അമ്പതിനായിരം കടന്നു. 53013 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 228 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷൻ വാർഡുകളിലാണ്. ഇന്ന് മാത്രം 70 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗബാധ സംശയിക്കുന്നവരുടെ 3716 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 2566 പേർക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

കൊറോണ രോഗബാധ ഒഴിവാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് കേരളമെന്നും ജാതിമത വ്യത്യാസമില്ലാതെ മനുഷ്യരായി പോരാടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു