
- ഇറ്റലിയില്‍ നിന്നെത്തിയ മൂന്നു
വയസുകാരന് രോഗം സ്ഥിരീകരിച്ചു - 971 പേര്‍ നിരീക്ഷണത്തില്‍
- കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍
സ്രവ പരിശോധനക്ക് അനുമതി - പത്തനംതിട്ടയിലും കോട്ടയത്തും നിയന്ത്രണം
തിരുവനന്തപുരം/ കൊച്ചി/ പത്തനംതിട്ട: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നുമെത്തിയ മൂന്നു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച ഇറ്റലിയില്‍ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ കുട്ടിയ്ക്കാണ് രോഗബാധ. ഇതോടെ കേരളത്തില്‍ വൈറസ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം ആറായി. അതേ സമയം കോവിഡ് 19 പടരുന്നത് തടയാനായി സംസ്ഥാനത്ത് 971 പേര്‍ നിരീക്ഷണത്തിലുണ്ടെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
പത്തനംതിട്ടയില്‍ രോഗബാധിതരുമായി 270 പേര്‍ക്ക് സമ്പര്‍ക്കമുണ്ടായി. 95 പേര്‍ അടുത്തിടപഴകിയരാണ്. കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ സ്രവപരിശോധനക്ക് അനുമതിയുണ്ട്. ഇന്നും നാളെയുമായി രണ്ടിടത്തും പരിശോധന തുടങ്ങും. കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനത്തെ ആറ് രോഗികളുടെയും നില തൃപ്തികരമാണ്. പ്രായമായ രണ്ടുപേര്‍ക്ക് വൈറസ്ബാധ സംശയിക്കുന്നുണ്ട്. ഇരുവര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ എമിറേറ്റ്‌സ് വിമാനം ഇ.കെ 530 ല്‍ കൊച്ചിയിലെത്തിയ മൂന്നു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയില്‍ തന്നെ രോഗലക്ഷണം കണ്ടെത്തി. ഇതോടെ കുട്ടിയെയും മാതാപിതാക്കളെയും പ്രത്യേക ആംബുലന്‍സില്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടിയുടെ സാംപിള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കളുടെയും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരും മെഡിക്കല്‍ കോളജ് ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. വിമാനത്താവളത്തില്‍ കുട്ടിയെ പരിശോധിച്ച ആരോഗ്യവകുപ്പ് ജീവനക്കാരും നിരീക്ഷണത്തിലുണ്ട്. ഇവര്‍ വന്ന വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരെ കണ്ടെത്തി നിരീക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ അതാത് ജില്ലകള്‍ക്ക് കൈമാറിയിട്ടുണ്ട്. നിലവില്‍ 12 പേരാണ് കളമശേരിയിലെ ഐസലേഷന്‍ വാര്‍ഡിലുള്ളത്. ജില്ലയിലാകെ 93 പേര്‍ വിവിധ ആശൂപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. സ്ഥിതി പൂര്‍ണ നിയന്ത്രണത്തിലാണെന്നും ആശങ്ക വേണ്ടെന്നും എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് 19 പ്രതിരോധിക്കുന്നതിനായി പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തനം തിട്ടയില്‍ എല്‍.പി, യു.പി സകൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും. സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഓമല്ലൂര്‍ വയല്‍വാണിഭം റദ്ദാക്കും. ക്ഷേത്രോല്‍സവങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. അന്നദാനവും സമൂഹസദ്യയും പാടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയില്‍ ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മെഡി.കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ ഏഴുപേര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണമുളള നാലുപേരുടെ സ്രവം പരിശോധനയ്ക്കയച്ചു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരം കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.