പത്തനംതിട്ടയിലെ കൊറോണ ബാധിതർ മൂവായിരത്തിലധികം പേരുമായി സമ്പർക്കം നടത്തിയെന്ന് റിപ്പോർട്ട്‌

കൊവിഡ് 19 രോഗബാധയോടെ ഇറ്റലിയിൽ നിന്നെത്തിയ കുടുംബം ഒരാഴ്ചയ്ക്കിടെ മൂവായിരത്തോളം പേരുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തൽ. ഇവരെ കണ്ടെത്തി ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റാൻ എട്ട് സംഘങ്ങളെ നിയോഗിച്ചു. മതപരമായ ചടങ്ങുകളും കൺവെൻഷനുകളും അടക്കം മാറ്റിവയ്ക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ധാരണയായി. പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രതയാണ് പാലിക്കുന്നത്. ഇറ്റലിയിൽ നിന്ന് എത്തിയ മൂന്നംഗ കുടുംബം വിവിധ ഇടങ്ങളിലുള്ള ബന്ധു വീടുകളിലാണ് സന്ദർശനം നടത്തിയത്. വിവാഹ ചടങ്ങുകളിലും പള്ളികളിലെ പ്രാർത്ഥനാ പരിപാടികളിലും സിനിമ തിയറ്ററിലും പൊതുജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു. മൂവായിരത്തിനടുത്ത് ആളുകളെ നിരീക്ഷിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് പറഞ്ഞു.

ഇവരെ കണ്ടെത്തുന്നതിനായി രണ്ട് ഡോക്ടർമാർ വീതം അടങ്ങിയ എട്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇറ്റലിയിൽ നിന്നെത്തിയ ദമ്പതികളുടെ വൃദ്ധ മാതാപിതാക്കൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ദുബായിൽ നിന്നെത്തിയ മറ്റ് രണ്ട് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. എയർപോർട്ടിൽ നിന്ന് കുടുംബത്തെ സ്വീകരിച്ച് വീട്ടിലെത്തിച്ച കോട്ടയം സ്വദേശിയും കുടുംബവും വസതിയിൽ നിരീക്ഷണത്തിലാണ്. ശവസംസ്‌കാരം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ കൂടുതൽ പേർ പങ്കെടുക്കരുതെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. വോട്ടർ പട്ടിക പുതുക്കുന്ന നടപടി ജില്ലയിൽ നീട്ടിവയ്ക്കും. ഓഫീസുകളിലെയും റേഷൻ കടകളിലെയും ബയോ മെട്രിക് പഞ്ചിംഗ് ഒഴിവാക്കും. മതപരമായ കൺവെൻഷനുകളും ചടങ്ങുകളും നീട്ടിവയ്ക്കാൻ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.