സഊദിയില്‍ എല്ലാവര്‍ക്കും കൊറോണ ചികിത്സ സൗജന്യം

റിയാദ്: സഊദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗബാധിതരായ അനധികൃത താമസക്കാരുള്‍പ്പടെ മുഴുവന്‍ വിദേശികള്‍ക്കും രാജ്യത്തുള്ള എല്ലാ വിഭാഗം ജനങ്ങള്‍ക്കും കൊറോണ രോഗവുമായി ബന്ധപ്പെട്ട മുഴുവന്‍ ചികിത്സയും സൗജന്യമാക്കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. വിസാ നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവര്‍, ഇഖാമ കാലാവധി കഴിഞ്ഞവര്‍, തൊഴിലുടമകളില്‍ നിന്നും ഓടിപ്പോയി ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ തുടങ്ങി മുഴുവന്‍ നിയമ ലംഘകര്‍ക്കും കോവിഡ് 19 സംബന്ധമായ സൗജന്യ ചികിത്സ നല്‍കുമെന്ന് സഊദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു.
സ്വദേശികളോടൊപ്പം വിദേശികള്‍ക്കും ഏറ്റവും മികച്ച ചികിത്സ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സമാനതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തങ്ങള്‍ളാണ് രാജ്യത്ത് നടപ്പാക്കുന്നത്. ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പുരോഗതിയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ഏറെ ആശങ്കയോടെ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ പെട്ട് ദിനങ്ങള്‍ തള്ളി നീക്കുന്ന സ്വദേശികളും വിദേശികളും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രഖ്യാപനത്തില്‍ ഏറെ ആഹ്‌ളാദ ഭരിതരാണ്. കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടാലും രോഗനിര്‍ണയം കഴിഞ്ഞാലും ചികിത്സയെ കുറിച്ച് ഏറെ ഉത്കണ്ഠയിലായിരുന്നു വിദേശി സമൂഹം. രാജകല്‍പന പുറത്തു വന്നതോടെ സഊദിയിലെ വിദേശികള്‍ സോഷ്യല്‍ മീഡിയയില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നന്ദിയോതിയുള്ള സന്ദേശങ്ങളുടെ പ്രവാഹമാണ്.