ലോകം ഭീതിയില്‍; കരുതലോടെ യുഎഇ യുദ്ധസമാന സാഹചര്യം; കരുതല്‍ അനിവാര്യം

    157

    എന്‍.എ.എം ജാഫര്‍
    ദുബൈ: കോവിഡ്-19 ലോകമാകെ ഭീതി വിതച്ച് പടരുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ നിസ്സാരമായി കാണരുതെന്ന് ആരോഗ്യ വകുപ്പ് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നു. കൊറോണ വൈറസ് പടരാതിരിക്കാനുള്ള പ്രാഥമിക ഘട്ടം വ്യക്തിശുചിത്വമാണ്. എന്നാല്‍ ഇതൊന്നും പാലിക്കാതെയുള്ള നിസ്സാരമായ വിലയിരുത്തലാണ് പൊതുവെ കാണുന്നത്. തനിക്കൊന്നും വന്നില്ലല്ലോ എന്ന ആശ്വാസത്തിലാണ് പലരും. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡിനെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാത്തതുകൊണ്ടാണ് ലോകത്ത് ഇന്ന് പല രാജ്യങ്ങളെയും വെട്ടിലാക്കിയിരിക്കുന്നത്. ചൈനയുടെ ദുരന്തം മാത്രമായി വിലയിരുത്തിയ രാജ്യങ്ങള്‍ ഇന്ന് പ്രതിരോധത്തിനായി നെട്ടോട്ടം ഓടുകയാണ്. ഇറ്റലി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ ബാധിതര്‍ വര്‍ധിച്ചുവരികയാണ്. അമേരിക്കയിലും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. പകര്‍ച്ചവ്യാധികള്‍ വരാറില്ലെന്ന് വിലയിരുത്താറുള്ള ലോകത്തെ മിക്കവാറും രാജ്യങ്ങള്‍ ഇന്ന കൊറോണ ഭീതിയുടെ പിടിയിലാണ്. ലോകത്തെ സമ്പന്ന രാജ്യങ്ങളായി അറിയപ്പെടുന്ന സ്ഥലങ്ങളിലാണ് ഈ വൈറസ് ബാധ ഭീകരമായി പിടികൂടിയിരിക്കുന്നത്. ചൈനയിലെ വുഹാനില്‍ രോഗം വ്യാപിച്ചപ്പോള്‍ തന്നെ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. രോഗം വ്യാപിക്കാതിരിക്കാനുള്ള എല്ലാ നടപടികളും ദ്രുതഗതിയില്‍ നടപ്പാക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുന്നിട്ടുനിന്നു. ഇറാനില്‍ നിന്നാണ് പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലേക്ക് രോഗവാഹകര്‍ എത്തിപ്പെട്ടത്. രോഗം വ്യാപിക്കുന്നത് തടയാന്‍ ഇറാന് കഴിയാതെ പോയത് ഗള്‍ഫ് മേഖലയെ ഏറെ ഭീതിയിലാഴ്ത്തിയിരുന്നു. വ്യക്തിശുചിത്വവും ക്വാറന്‍ടൈന്‍ നടപടികളുമാണ് കോവിഡ്-19 നെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് ലോകം ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ ചൈനയാണ് ഇത് ലോകത്തിന് കാണിച്ചുകൊടുത്തത്. ചൈനയില്‍ എല്ലാ നഗരങ്ങളും തെരുവുകളും അടച്ചുപൂട്ടിയപ്പോള്‍ മറ്റു രാജ്യങ്ങള്‍ ചൈനയെ നോക്കി കളിയാക്കിയിരുന്നു. എന്നാല്‍ പിന്നീട് എല്ലാവര്‍ക്കും അത് പിന്‍പറ്റേണ്ടി വന്നു. മരണ സംഖ്യ നിയന്ത്രിക്കാന്‍ കഴിയാത്തവിധമായപ്പോള്‍ ഇറ്റലിയും കടുത്ത ക്വാറന്‍ടൈന്‍ നടപടികളിലേക്ക് നീങ്ങി. രാജ്യം മൊത്തത്തില്‍ അടച്ചുപൂട്ടേണ്ടി വന്നു.
    യുഎഇ തുടക്കത്തില്‍ തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതിനാല്‍ രാജ്യത്തിനകത്ത് രോഗം പടരാനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കി. പുറത്ത് നിന്നും എത്തിയവരില്‍ നിന്നാണ് പ്രധാനമായും വൈറസ് ഇവിടെയെത്തിയത്. പൊതുജനങ്ങളെ ഭീതിപ്പെടുത്താതെ ഘട്ടംഘട്ടമായാണ് യുഎഇ കരുതല്‍ നടപടികള്‍ സ്വീകരിച്ചു എന്നത് ശ്രദ്ധേയമാണ്. ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ യാത്ര ചെയ്യുന്ന വിമാനത്താവളങ്ങളിലാണ് പ്രതിരോധ നടപടികളുടെ തുടക്കമുണ്ടായത്. എല്ലാ യാത്രക്കാരെയും സ്‌ക്രീന്‍ ചെയ്തും പരിശോധനകള്‍ വ്യാപകമാക്കിയും കോവിഡിനെ പ്രതിരോധിച്ചു. പിന്നീട് വിനോദകേന്ദ്രങ്ങളും പാര്‍ക്കുകളും കൂട്ടായ്മകളും നിര്‍ത്തലാക്കി. ഏറ്റവുമൊടുവില്‍ ആരാധനാലയങ്ങള്‍ അടച്ചിട്ടു. ഇനിയും ഓരോ നിയന്ത്രണങ്ങള്‍ നടപ്പാക്കി വരികയാണ് അധികൃതര്‍. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ അബുദാബി, ദുബൈ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ മറ്റൊരു ശ്രദ്ധേയമായ നടപടിയാണ്. വാണിജ്യ-വ്യവസായ മേഖലക്ക് വലിയൊരു ആശ്വാസം പകരുന്ന നടപടിയാണിത്. ദുബൈയില്‍ ദേര പോലുള്ള സ്ഥലങ്ങളില്‍ കരുതല്‍ അനിവാര്യമാണ്. സദാസമയവും കൂടുതല്‍ ആളുകള്‍ ഇടപഴകുന്ന നായിഫ് മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും മറ്റും ശുചിത്വം ഉറപ്പുവരുത്തണം. ഭക്ഷണ വിതരണത്തിലും മറ്റും ഹോട്ടലുകള്‍ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ച്് ഇന്നലെ ദുബൈ മുനിസിപ്പാലിറ്റി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.