വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക്:  ഖത്തറില്‍ ആദ്യ കേസ് സ്ഥിരീകരിച്ചു

11

ദോഹ/ന്യൂഡല്‍ഹി: ലോകത്തെ പിടിച്ചുലച്ച് കൊറോണ വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ഖത്തറിലും രോഗം സ്ഥിരീകരിച്ചു. ഇറാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ 36കാരനായ ഖത്തര്‍ പൗരനാണ് വൈറസ് ബാധിച്ചത്. ബഹ്‌റൈനും സഊദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ നേരത്തെ തന്നെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ സഊദി അറേബ്യ ഉംറ തീര്‍ത്ഥാടനം നിര്‍ത്തി വെക്കുകയും മക്ക, മദീന സന്ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചൈനക്ക് പുറത്ത് ഇറാനിലാണ് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത്. ഏഷ്യാ പസഫിക് മേഖലയും രോഗഭീതിയുടെ പിടിയിലാണ്. ദക്ഷിണ കൊറിയയില്‍ ആശങ്ക സൃഷ്ടിക്കുന്ന വിധത്തിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒറ്റ ദിവസം കൊണ്ട് 813 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തൊട്ടാകെ 3,150 പേര്‍ക്ക് ഇതു വരെ രോഗം സ്ഥിരീകരിച്ചതായും 17 പേര്‍ മരിച്ചതായും ദക്ഷിണ കൊറിയന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗ ലക്ഷണങ്ങളുള്ളവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്നതുള്‍പ്പെടെ കടുത്ത നിര്‍ദേശങ്ങള്‍ ഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ട്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇപ്പോഴും സ്ഥിതി ആശങ്കാജനകമാണ്. ഇന്നലെ മാത്രം 47 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, മരണ സംഖ്യ 2,835ലെത്തി. 79,251 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. യൂറോപ്പില്‍ ഇറ്റലിയിലാണ് സ്ഥിതി കൂടുതല്‍ രൂക്ഷം. 888 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 18 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനില്‍ ഇന്നലെ മാത്രം ഒമ്പതു പേര്‍ മരിച്ചു. ലബനന്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന നിര്‍ദേശവുമായി സഊദി അറേബ്യ ഇന്നലെ രംഗത്തെത്തി. കൊറോണ സാന്നിധ്യമുള്ള രാജ്യങ്ങളിലെ സന്ദര്‍ശനം ഒഴിക്കണമെന്ന് കുവൈത്തും സ്വന്തം പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. 47 രാജ്യങ്ങളിലായി 85,000ത്തിലധികം പേര്‍ക്ക് ഇതിനകം വൈറസ് ബാധിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

ഇതിനിടെ, ചൈനയിലെ വുഹാനില്‍ നിന്ന് തിരിച്ചെത്തിയ 112 ഇന്ത്യക്കാരെ കൂടി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ആസ്ഥാനത്ത് ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ ആദ്യ രക്ത സാമ്പിളുകള്‍ ശേഖരിച്ചതായും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചതായും അധികൃതര്‍ വ്യക്തമാക്കി. 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിച്ച ശേഷം മാത്രമേ ഇവരെ വിട്ടയക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ.