കൊറോണ വൈറസ് : സാക്ഷ്യ പത്രം നിർബന്ധമാക്കിയ തീരുമാനം കുവൈത്ത് മന്ത്രിസഭ റദ്ദാക്കി

36

കുവൈത്ത് സിറ്റി : ഇന്ത്യ അടക്കം 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നാട്ടിൽ നിന്നും തിരിച്ചു വരുമ്പോൾ കൊറോണ വൈറസ് ബാധിതനല്ലെന്ന സാക്ഷ്യ പത്രം നിർബന്ധമാക്കിയ സർക്കാർ തീരുമാനം കുവൈത്ത് മന്ത്രിസഭ റദ്ദാക്കി . അൽപ നേരം മുമ്പ് ചേർന്ന മന്ത്രി സഭാ യോഗത്തിലാണു നിർണ്ണായക തീരുമാനമുണ്ടായത് . പുതിയ നിയമം രാജ്യത്തെ തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് വിവിധ മേഖലകളിൽ നിന്നും അഭിപ്രായം ഉയർന്നതിനെ തുടർന്നാണു നടപടി . ചില രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ പരിശോധിക്കുന്നതിനുള്ള ഉചിതമായ സൗകര്യങ്ങൾ ഇല്ലെന്ന പരാതിയും വ്യാപകമായി ഉയർന്നിരുന്നു . മാർച്ച് 8 മുതൽ രാജ്യത്തേക്ക് വരുന്ന ഇന്ത്യ അടക്കമുള്ള 10 രാജ്യക്കാർ കൊറോണ വൈറസ് മുക്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസമാണു ആരോഗ്യ മന്ത്രാലയത്തിന്റെ മിന്നൽ ഉത്തരവ് ഉണ്ടായത് . എന്നാൽ കൊറോണ വൈറസ് പരിശോധിക്കുന്നതിനു കുവൈത്ത് എംബസി ചുമതലപ്പെടുത്തിയ ഒരു സ്ഥാപനത്തിലും നിലവിൽ സൗകര്യമില്ലെന്ന് വ്യക്തമായതോടെ പ്രവാസികൾ കടുത്ത ആശങ്കയിലായി . ഇതോടെയാണ് ആശ്വാസമായി മന്ത്രിസഭയുടെ നിർണ്ണായക തീരുമാനം ഉണ്ടായത്