കൊറോണ വൈറസ് എന്ന മഹാവിപത്ത് ലോകമെമ്പാടുമുള്ളവരെ മുള്‍മുനയിലേക്ക് തള്ളി അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്രത്യേക മരുന്നുകളോ, ചികില്‍സയോ ഇല്ലാത്തതിനാല്‍ അനുതാപ ചികിത്സകൊണ്ടും സ്വയം പ്രതിരോധംകൊണ്ടും മാത്രം നിയന്ത്രിക്കാവുന്ന രോഗമാണിത്. സാധാരണയായി മൃഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന ഒരുതരം വൈറസ് എന്ന് പറയുന്നതിനേക്കാള്‍ വൈറസുകളുടെ ഒരുവലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും ഉചിതം. മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിച്ചാല്‍ കിരീടത്തിന്റെ രൂപത്തില്‍ കാണപ്പെടുന്നത് കൊണ്ടാണ്’ക്രൗണ്‍’എന്നര്‍ത്ഥം വരുന്ന കൊറോണ എന്ന പേര് നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ ചൈനയിലെ വുഹാന്‍ എന്ന സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട കോവിഡ് 19ന്റെ സാധാരണ ലക്ഷണങ്ങള്‍ പനി, ജലദോഷം, ചുമ, ശ്വാസ തടസം, ശ്വസന ബുദ്ധിമുട്ടുകള്‍ എന്നിവയാണ്. ഇത്തരം അസുഖലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുമായി അടുത്ത ബന്ധം ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന ഉപദേശിക്കുന്നു. ഓരോരുത്തരും സ്വയം വിചാരിച്ചാല്‍ ഈ രോഗം പൂര്‍ണമായും തടയാനാവും. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. പനി, ചുമ, ജലദോഷം എന്നിവയുളളവര്‍ മാസ്‌ക് ധരിക്കേണ്ടത് അനിവാര്യമാണ്. ചുമക്കുകയോ, തുമ്മുകയോ ചെയ്യു മ്പോള്‍ അംശങ്ങള്‍ മറ്റുള്ളവരുടെ ദേഹത്ത് പതിക്കാതിരിക്കാന്‍ വേണ്ടിയാണിത്. വിദേശ യാത്രകള്‍ നടത്തിയവര്‍ രോഗലക്ഷണം കണ്ടാല്‍ ഉടനെ ആരോഗ്യ മന്ത്രാലയത്തെ ബന്ധപ്പെടുകയും ആവശ്യമെങ്കില്‍ ഐസൊലേഷന്‍ സ്വയം തിരഞ്ഞെടുക്കുകയും വേണം. ആളുകള്‍ കൂടുന്ന പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കണം. കൈ കഴുകുമ്പോള്‍ അകവും പുറവും വിരലുകള്‍ക്കിടയിലും കഴുകണം. തുമ്മുമ്പോള്‍ കൈകൊ ണ്ട് പൊത്തുന്നതിനു പകരം ടിഷ്യുവോ തൂവാലയോ ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുക. വ്യക്തി ശുചിത്വത്തിന് പ്രാധാന്യം കൊടുക്കുക. എന്നിവയെല്ലാം പ്രതിരോധ മാര്‍ഗങ്ങളാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധികൃതരുടെ തീരുമാനങ്ങള്‍ പ്രശംസനീയമാണ്. യു എഇയിലെ സ്‌കൂളുകള്‍ പൂര്‍ണമായും അണുവിമുക്തമാക്കിയതോടൊപ്പം സ്‌കൂള്‍ ബസ്സുകള്‍ നിരത്തിലിറക്കാതെ രക്ഷിതാക്കള്‍ കുട്ടികളെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിക്കണമെന്ന നിര്‍ദ്ദേശം നല്‍കി. കുട്ടികളുടെ സുരക്ഷക്കായി സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും ഒമ്പതാംതരം വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെക്കുകയും ചെയ്തു. കഴിഞ്ഞ പരീക്ഷകളിലെ ശരാശരി മാര്‍ക്കെടുത്ത് റിസള്‍ട്ട് നിശ്ചയിക്കാന്‍ തീരുമാനിച്ചു. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചുവെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ ഇ-ലേണിംഗ് സമ്പ്രദായവും (വീട്ടിലിരുന്ന് പഠിക്കുന്ന രീതി) അധ്യാപകര്‍ക്ക് അതിനുള്ള പരിശീലനവും ഏര്‍പ്പെടുത്തി. പരീക്ഷാ ഹാളുകളില്‍ പന്ത്രണ്ട് കുട്ടികള്‍ മാത്രമെ പാടുള്ളുവെന്നും വായു സഞ്ചാരം ഉറപ്പ് വരുത്തണമെന്നും കുട്ടികള്‍ പേന, പെന്‍സില്‍ മുതലായവ പരസ്പരം കൈമാറരുതെന്നും കുട്ടികള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശം നല്‍കി. ഈ മഹാമാരിയെ മറികടക്കാന്‍ ഓരോവ്യക്തിയും ഉത്തരവാദിത്വത്തോടെ ശ്രമിക്കേണ്ടതാണ്. ശ്രദ്ധയും ജാഗ്രതയുമുണ്ടെങ്കില്‍ ഈ രോഗത്തെയും നമുക്ക് മറികടക്കാം.സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കാം.