സഊദിയില്‍ നഗരങ്ങളും ഗ്രാമങ്ങളും വിജനം

27

നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സ്വദേശികളോടൊപ്പം വിദേശികളും

റിയാദ്: സഊദിയിലെ നഗരങ്ങളും ഗ്രാമങ്ങളും വിജനം. കോവിഡ് 19 വ്യാപനത്തെ ഫലപ്രദമായി നേരിടാന്‍ സഊദി ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പരമാവധി പാലിച്ചു കൊണ്ടാണ് സഊദിയിലെ സ്വദേശികളും വിദേശികളും സഹകരിക്കുന്നത്. മഹാമാരിയെ തടയാന്‍ നടപ്പാക്കിയ നിയമ നടപടികളോട് സഊദിയിലെ ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നുവെന്നത് ശുഭകരമാണെന്ന് ട്രാഫിക് വിഭാഗം വെളിപ്പെടുത്തി. സാധാരണ ദിനങ്ങളെ അപേക്ഷിച്ച് ഗതാഗതത്തില്‍ പ്രകടമായ കുറവുണ്ടായി. ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും സ്വകാര്യ ജീവനക്കാര്‍ക്കും കഴിഞ്ഞ ദിവസം മുതല്‍ അവധി നല്‍കിയതോടെ രാജ്യത്തെ ഹൈവേകളും റോഡുകളും വിജനമാണ്. പരിമിതമായ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം, മക്ക എന്നിവിടങ്ങളിലും മറ്റു ഭാഗങ്ങളിലും കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഹൈപര്‍-സൂപര്‍ മാര്‍ക്കറ്റുകള്‍, പാര്‍സല്‍ സര്‍വീസ് മാത്രം നല്‍കുന്ന റെസ്റ്റോറന്റുകള്‍, ഫാര്‍മസികള്‍, ക്‌ളിനിക്കുകള്‍, ഹോസ്പിറ്റലുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയുള്ള സര്‍വീസ് ലഭ്യമാക്കാന്‍ വന്‍കിട ഹൈപര്‍ മാര്‍ക്കറ്റുകളും സൂപര്‍ മാര്‍ക്കറ്റുകളും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാലം നഷ്ടമാവാതിരിക്കാന്‍ ഓണ്‍ലൈന്‍ വഴി ക്‌ളാസുകള്‍ നല്‍കി വരുന്നുണ്ട്.
തലസ്ഥാന നഗരിയായ റിയാദിലെ വാണിജ്യ നഗരത്തിലും മലയാളികളുടെ സംഗമ കേന്ദ്രവുമായ ബത്ഹയിലും ഇന്നലെ കടകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. തിരക്ക് പിടിച്ച വാണിജ്യ കേന്ദ്രം ഹര്‍ത്താലിന്റെ പ്രതീതി ജനിപ്പിച്ച് അടഞ്ഞു കിടന്നു. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് പൂര്‍ണമായി തടഞ്ഞതോടെ ബത്ഹയിലേക്ക് ജനങളുടെ ഒഴുക്ക് കുറഞ്ഞു. മലയാളി സംഘടനകളുടെ ബാഹുല്യം മൂലം വീര്‍പ്പു മുട്ടുന്ന ബത്ഹയില്‍ വാരാന്ത്യങ്ങളില്‍ നടക്കുന്ന നിരവധി സംഗമങ്ങള്‍ പൂര്‍ണമായും നിര്‍ത്തി വെച്ച് ഓരോ സംഘടനകളും തങ്ങളുടെ അണികളെയും പൊതുജനങ്ങളെയും ബോധവത്കരണം നടത്തുന്നതില്‍ വ്യാപൃതരാണ്. റിയാദില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വാണിജ്യ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തുന്ന വ്യത്യസ്ത രാജ്യക്കാരായ വിദേശികളുടെ വരവ് നിലച്ചതോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള അവശ്യ സര്‍വീസുകളിലും വേണ്ടത്ര തിരക്കില്ല.
വിശുദ്ധ നഗരിയുടെ പ്രവേശന കവാടമായ ജിദ്ദയിലും സ്ഥിതി ഭിന്നമല്ല. മലയാളികളുടെ സംഗമ കേന്ദ്രമായ ഷറഫിയ്യ ഏതാണ്ട് വിജനമാണ്. കോവിഡ് 19 വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും മുന്‍കരുതലിനും പുറമെ, കര്‍ശന പരിശോധനകള്‍ കൂടി നടക്കുന്നതിനാല്‍ ജനങ്ങള്‍ നഗരത്തില്‍ വിരളമാണ്. മക്കയിലേക്ക് പ്രവേശനം പൂര്‍ണമായി തടഞ്ഞതോടെ ഉംറക്കെത്തുന്നവരുടെയും മക്ക സന്ദര്‍ശനത്തിനെത്തുന്നവരുടെയും അഭാവം ജിദ്ദയിലും പ്രകടമാണ്. മക്കയും മദീനയും സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിക്കുന്നവര്‍ ജിദ്ദ വഴിയാണ് യാത്രയാവുക. യാത്രക്കാരില്ലാത്തത് മൂലം ജിദ്ദ വിമാനത്താവളത്തിലും തിരക്ക് കുറഞ്ഞു.