കൊറോണ കാലം: പ്രവാസികളുടെ കഷ്ടകാലം ജാഗ്രത അനിവാര്യം; ഇവിടെയും നാട്ടിലും

ദുബൈ: കൊറോണ വൈറസ് ലോകമാകെ പടര്‍ന്നുപിടിച്ചതോടെ പ്രവാസികള്‍ ലോകമാകെയുള്ള മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. അതില്‍ മലയാളികളായ പ്രവാസികളാണ് നിറഞ്ഞുനില്‍ക്കുന്നത്. ആഗോള സമൂഹമെന്ന നിലയിലാണ് മലയാളികളായ പ്രവാസികള്‍ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. മാത്രമല്ല ലോകത്ത് മലയാളികളില്ലാത്ത രാജ്യം വിരളമായിരിക്കും. ഇപ്പോള്‍ കൊറോണയുടെ പശ്ചാത്തലത്തിലും പ്രവാസികള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കേരളത്തില്‍ കോവിഡ് പടര്‍ത്തുന്നതില്‍ പ്രവാസികള്‍ മുന്നിട്ടുനില്‍ക്കുന്നുവെന്ന രീതിയിലാണ് കാര്യങ്ങള്‍ പോവുന്നത്. ആദ്യം പത്തനംതിട്ടയിലെത്തിയ പ്രവാസി കുടുംബം ഉണ്ടാക്കിയ പുകില്‍ കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്തതാണ്.
ഇപ്പോള്‍ കാസര്‍കോട് സ്വദേശി ദുബൈയില്‍ നിന്നെത്തിയ ശേഷം കാണിച്ച അശ്രദ്ധയാണ് നാ്ട്ടിലെങ്ങും പ്രധാന വിഷയം. ശനിയാഴ്ച കേരളത്തില്‍ ആറു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോള്‍ എല്ലാവരും ഗള്‍ഫ് നാടുകളില്‍ നിന്നുള്ളവരാണെന്ന വെളിപ്പെടുത്തല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. കോവിഡ് കേരളത്തില്‍ വ്യാപകമാക്കുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്കിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. കരുതല്‍ വിഷയത്തില്‍ പ്രവാസികള്‍ കാണിക്കുന്ന അലംഭാവമാണ് ഇതിലേക്ക് വിരല്‍ചൂണ്ടുന്നത്. ഏതാനും പ്രവാസികള്‍ ഒരുക്കുന്ന ഇത്തരം ചെയ്തികള്‍ മൂലം പ്രവാസി സമൂഹമാകെ ആക്ഷേപത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഗള്‍ഫ് നാടുകളില്‍ പലയിടങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവിടെ നിത്യജീവിതത്തില്‍ വലിയ വിലക്കുകളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. നാട്ടില്‍ മിക്കവാറും എല്ലാ അടഞ്ഞുകിടക്കുകയാണ്. ആള്‍ക്കൂട്ടങ്ങളും കുറഞ്ഞുവരികയാണ്. ഗള്‍ഫില്‍ സാധാരണ ജീവിതത്തിന് വലിയ വിലക്കുകളൊന്നും ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ആരോഗ്യവകുപ്പ് വളരെ മുമ്പ് തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരെയും ഉണര്‍ത്തിയിരുന്നു. മാത്രമല്ല കൃത്യമായ ബോധവത്കരണവും നടത്തിയിരുന്നു. എന്നാല്‍ ഗള്‍ഫിലെ പൗരന്മാര്‍ ഇക്കാര്യങ്ങള്‍ ഗൗരവത്തിലെടുത്തപ്പോള്‍ പ്രവാസി സമൂഹം അത്ര ഗൗരവത്തിലെടുത്തില്ല എന്ന് വേണം കരുതാന്‍. ഇക്കാര്യത്തില്‍ പ്രവാസികള്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാവണം. സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് വിഷയത്തിന്റെ ഗൗരവം മുന്‍നിര്‍ത്തി സ്വയം നിയന്ത്രണമാണ് ആദ്യം നിര്‍വഹിക്കേണ്ടത്. ഇവിടെ അതുണ്ടായില്ലെന്ന് വേണം കരുതാന്‍. വിദേശികക്ക് മാത്രമാണ് ഈ രോഗം പടരുന്നതെന്ന ധാരണയാണ് ആദ്യമൊക്കെ എല്ലാവരിലും ഉണ്ടായിരുന്നത്. പിന്നീടാണ് കൊറോണയുടെ ഭീകരാവസ്ഥ എല്ലാവരിലേക്കും എത്തിയത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് വേണം കരുതാന്‍. ദുബൈയിലെ നായിഫ് ഏരിയയില്‍ ഇപ്പോഴും സാധാരണ ജീവിതത്തില്‍ നിന്നും കാര്യമായ മാറ്റം ദൃശ്യമായിട്ടില്ല. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് കോവിഡിന്റെ ഭീകരാവസ്ഥ കാര്യമായി ബോധ്യപ്പെട്ടു കാണില്ല. നായിഫില്‍ ജീവിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും പ്രവാസികളാണ്. രാജ്യത്തെ പ്രധാന മാര്‍ക്കറ്റായതിനാല്‍ ഇവിടെ വിദേശികളായ ആളുകള്‍ വന്നുപോവാറാണ് പതിവ്. ഇക്കാരണം കൊണ്ട് തന്നെ ഈ പ്രദേശങ്ങളിലുള്ള പ്രവാസികള്‍ കൂടുതല്‍ ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഭീതി പരത്തുകയല്ല നമ്മള്‍ ചെയ്യേണ്ടത്. കരുതല്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്.
കൊറോണയില്‍ ഏറ്റവും ആശങ്കയില്‍ കഴിയുന്നത് പ്രവാസികളാണ്. എല്ലാ രാജ്യങ്ങളും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ നിര്‍ണായക ഘട്ടത്തില്‍ നാട്ടില്‍ പോവാന്‍ കഴിയാതെ വിഷമത്തിലായതും പ്രവാസികളാണ്. ഈ സമയം കേരളത്തിലെത്തിയ പ്രവാസികള്‍ കടുത്ത സമര്‍ദ്ദത്തിലുമാണ്. ജാഗ്രത പാലിക്കാത്തതിനാല്‍ പ്രവാസികളെ കണ്ടാല്‍ തിരിഞ്ഞോടുന്ന സ്ഥിതി വിശേഷമാണ് നാട്ടിലുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പ്രവാസിയുള്ള വീടുമായി ബന്ധുക്കളും നാട്ടുകാരും അകലം പാലിക്കുകയാണ്. പ്രവാസിയുടെ സമ്മാനം സ്വീകരിക്കാന്‍ എത്താറുള്ള ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഇപ്പോള്‍ തിരിഞ്ഞുനോക്കുന്നില്ല. മിഠായി കൊടുത്താല്‍ പോലും ആരും വാങ്ങുന്നില്ലെന്നാണ് നാട്ടിലെത്തിയ പ്രവാസികള്‍ പറയുന്നത്. വീട്ടിലെ ക്വാറന്റീന് പുറമെ നാട്ടുകാരുടെ ബഹിഷ്‌കരണവും ഏറെ വിഷമപ്പെടുത്തുന്നതായി പലരും അനുഭവങ്ങള്‍ പങ്കുവെച്ചു. നേരത്തെ അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന പ്രവാസികള്‍ക്ക് ഗള്‍ഫുകാരേക്കാള്‍ മതിപ്പുണ്ടായിരുന്നു. ഇപ്പോള്‍ അത്തരം പ്രവാസികളെ നാട്ടുകാര്‍ തെരഞ്ഞു നടക്കുകയാണ്. അത്തരം പ്രവാസികളുടെ ഇപ്പോഴത്തെ നിലപാടും നാട്ടുകാരെ വെറുപ്പിക്കുന്നുണ്ട്.
രാജ്യത്ത് എന്ത് വിപത്തുക്കള്‍ സംഭവിച്ചാലും ആദ്യം സഹായങ്ങളുമായി എത്താറുള്ളത് പ്രവാസികളാണ്. കേരളത്തില്‍ രണ്ട് പ്രളയകാലത്തും കേരളത്തെ താങ്ങിനിര്‍ത്തിയത് പ്രവാസി സമൂഹമാണ്. ആ ഒരു അവസ്ഥ പ്രവാസികള്‍ കളഞ്ഞുകുളിക്കരുത്.
നാട്ടിലെ ദുരിതങ്ങള്‍ അകറ്റാന്‍ മുന്നിട്ടിറങ്ങുന്ന പ്രവാസികള്‍ ഈ കൊറോണ കാലത്തും നാടിനൊപ്പം നില്‍ക്കേണ്ടതുണ്ട്. കൂടുതല്‍ ജാഗ്രതയോടെ. സോഷ്യല്‍ മീഡിയയില്‍ ഒരു ട്രോള്‍ ഇറങ്ങിയിട്ടുണ്ട്-കൊറോണയേക്കാള്‍ ഭയം ഇവിടുത്തെ കൊറേയെണ്ണങ്ങളെയാണ്-ഇതില്‍ നമ്മള്‍ പെട്ടുപോവരുത്.