അജ്മാന്: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്കൂളുകള്‍ക്ക് നല്കിയ ദീര്‍ഘകാല അവധി പഠനത്തെ ബാധിക്കാതിരിക്കാന്‍ അജ്മാന് വുഡ്ലം പാര്‍ക്ക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസ് റൂമുകള്‍ സജ്ജീകരിക്കുന്നു. പാഠ ഭാഗങ്ങള്‍ ഓണ്‍ലൈന്‍ വഴി നല്കി വീട്ടിലിരുന്ന് തന്നെ പഠനം തുടരാനും അധ്യാപകരെ മുഖാമുഖം കണ്ട് സംശയങ്ങള്‍ നീക്കാനുമുള്ള വേറിട്ട അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ പ്രേമ മുരളീധര്‍ അറിയിച്ചു.
വര്‍ക്കുകളും നോട്ടുകളുമെല്ലാം പിഡിഎഫ് ഫോര്‍മാറ്റിലും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഇതുവഴി സമയ ബന്ധികമായി തന്നെ പാഠങ്ങള്‍ പൂര്‍ത്തീകരിക്കാനും കുട്ടികളുടെയും രക്ഷിതാക്കളുടെയും ആകുലത അകറ്റാനും സാധിക്കുമെന്നും സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും പുതിയ അധ്യയന രീതിയോട് ആവേശത്തോടെയാണ് പ്രതികരിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. റോബോട്ടിക്സ് സംവിധാനവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സാങ്കേതിക സൗകര്യങ്ങളും ഒരുക്കിയ അജ്മാനിലെ ആദ്യ സ്കൂളാണ് വുഡ്ലം പാര്‍ക്ക്.
പൂര്‍ണമായും സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ സ്കൂള്‍ കൂടിയാണിത്. പുതിയ പഠന സൗകര്യം ഏറെ ഉപകാരപ്പെടുന്നതായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.