
ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും
ലോക്കല്‍ കമ്പനികള്‍ക്കും സഹായ നീക്കങ്ങള്‍ക്ക് പുതിയ കമ്മിറ്റി
ദുബൈ: ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് (എസ്എംഇ) പിന്തുണയായും ലോക്കല്‍ കമ്പനികള്‍ക്ക് വേഗത്തില്‍ വായ്പകള്‍ ലഭിക്കാന്‍ സൗകര്യമായും ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ച് ഭരണാധികാരികള്‍. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആണ് ട്വിറ്ററില്‍ ഇന്നലെ പദ്ധതി പ്രഖ്യാപിച്ചത്. എമിറേറ്റിലെ മുഴുവന്‍ അംഗീകൃത മൂലധന ചെലവും വികസന പദ്ധതികളും നിര്‍ദിഷ്ട നിലയില്‍ തുടരുമെന്നും അദ്ദേഹം പ്രഖ്യാപനത്തില്‍ പറഞ്ഞു.
”അബുദാബിയിലെ സാമ്പത്തിക-ബിസിനസ് അന്തരീക്ഷം ഞാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു കഴിഞ്ഞു…അബുദാബിയില്‍ നിലവിലുള്ള ഉത്തേജക പാക്കേജുകളും, യുഎഇ സെന്‍ട്രല്‍ ബാങ്കും ലോക്കല്‍ ഗവണ്മെന്റുകളും സമാരംഭിച്ച പദ്ധതികളും യുഎഇയുടെ സാമ്പത്തിക സുസ്ഥിരതയെ പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ശക്തമായ സ്തംഭങ്ങളാണ്. നിക്ഷേപക മേഖല വികസിപ്പിക്കാന്‍ തന്ത്രപ്രധാന പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ലോക്കല്‍ കമ്പനികളെ പിന്തുണക്കാനായി വായ്പാ രീതികള്‍ അവലോകനം ചെയ്യുന്നതിന് പുതിയ കമ്മിറ്റിയെ സ്ഥാപിക്കുന്നതാണ്. എമിറേറ്റിലെ നിലവിലുള്ള എല്ലാ അംഗീകൃത മൂലധന ചെലവുകളും വികസന പദ്ധതികളും തുടരാനും അബുദാബിയുടെ സാമ്പത്തിക നേട്ടങ്ങള്‍ സംരക്ഷിക്കാനും സ്റ്റാര്‍ട്ടപ്പുകളെയും എസ്എംഇകളെയും മുന്ഗണനാര്ഹമാക്കാനും തുടര്‍ നീക്കങ്ങള്‍ക്കും ഞാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു -ശൈഖ് മുഹമ്മദ് ട്വീറ്റില്‍ വിശദീകരിച്ചു. തന്ത്രപ്രധാനമായ നിക്ഷേപക മേഖലകള്‍ ഉത്തേജിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ഇതിനകം നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയ ശൈഖ് മുഹമ്മദ്, ലോക്കല്‍ കമ്പനികളെ പിന്തുണക്കാനുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ ധനകാര്യ വകുപ്പിന്റെ അധ്യക്ഷതയില്‍ സാമ്പത്തിക വികസന വകുപ്പില്‍ നിന്നുള്ളവര്‍ അംഗങ്ങളായ പുതിയ കമ്മിറ്റി രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയതായും വിശദീകരിച്ചു. നമ്മുടെ അഥോറിറ്റികള്‍ നിക്ഷേപ നിയമങ്ങളും ചട്ടങ്ങളും വികസിപ്പിക്കുന്നതും സുഗമമാക്കുന്നതും തുടരും.
നമ്മുടെ സാമ്പത്തിക വികസനത്തില്‍ കൂടുതല്‍ സൗകര്യപ്രദമായ നടപടികളാണ് അവര്‍ സ്വീകരിക്കുക -ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ഉചിത സമയത്തെ കൃത്യ നീക്കം: എം.എ യൂസുഫലി
ദുബൈ: അഭൂതപൂര്‍വമായ സാഹചര്യങ്ങള്‍ക്ക് അഭൂതപൂര്‍വമായ നടപടികളും ആവശ്യമാണ്. അത് കൃത്യമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് നിര്വഹിച്ചിരിക്കുകയാണിപ്പോഴെന്ന് ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ ചെയര്മാന് എം.എ യൂസുഫലി പറഞ്ഞു. പുതിയ അബുദാബി ഉത്തേജക പാക്കേജ് തീര്‍ച്ചയായും നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും, സ്വകാര്യ-ഗവണ്മെന്റ് മേഖലകളില്‍ വളര്‍ച്ചക്കും പ്രേരണയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും നല്ല സമയത്താണ് ഇത്തരമൊരു സമുചിത സംരംഭം വന്നിരിക്കുന്നതെന്നത് നിശ്ചയമായും വലിയ ആശ്വാസം തന്നെയാണ്. ഈ നീക്കങ്ങള്‍ ദൂരക്കാഴ്ചയുള്ളളതും വ്യത്യസ്ത മേഖലകളില്‍ വളരെ പോസിറ്റീവായ ഫലം കൊണ്ടുവരുന്നതും നിക്ഷേപക ആത്മവിശ്വാസം ഊര്‍ജസ്വലമാക്കുന്നതും ഗള്‍ഫ് മേഖലയുടെ മുഖ്യ നിക്ഷേപ ഇടമെന്ന അബുദാബിയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതുമാണ് -യൂസുഫലി കൂട്ടിച്ചേര്‍ത്തു.
മികച്ച നേതൃപാടവം പ്രകടമാക്കുന്ന
നടപടി: ഡോ. ആസാദ് മൂപ്പന്
ദുബൈ: അവശ്യ വസ്തുക്കളുടെ നിരക്ക് കുറക്കാന്‍ അബുദാബി ഗവണ്മെന്റ് പ്രഖ്യാപിച്ച പുതിയ നടപടികള്‍ ഓരോ താമസക്കാര്‍ക്കും, പ്രത്യേകിച്ച് താഴ്ന്ന സാമ്പത്തിക തലത്തിലുള്ളവര്‍ക്ക് ഏറെ സഹായകമാകുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന് അഭിപ്രായപ്പെട്ടു. വിവിധ ഫീസുകളും നിരക്കുകളും ഒഴിവാക്കിയതും ഇളവ് നല്കിയതും ബിസിനസ് രംഗത്ത് കാര്യമായ സ്വാധീനം ചെലുത്തും. സമ്പദ് വ്യവസ്ഥ പ്രയാസകരമായ സാഹചര്യത്തില്‍ ആകര്‍ഷകവും സജീവവുമാക്കി നിലനിര്‍ത്താനാണ് ഈ നടപടികളെന്നത് ഏറെ പ്രശംസനീയമാണ്. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ യുഎഇ എങ്ങനെ മികച്ച നേതൃപാടവം കാഴ്ച വെക്കുന്നുവെന്നത് കൂടിയാണ് ഈ നീക്കം വ്യക്തമാക്കുന്നത്. നേരത്തെ നിശ്ചയിച്ച് അംഗീകരിച്ച മൂലധനച്ചെലവും വികസന പദ്ധതികളും തലസ്ഥാന നഗരത്തില്‍ ആസൂത്രണം ചെയ്തതു പോലെ തുടരുമെന്ന് താമസക്കാര്‍ക്കും ബിസിനസുകാര്‍ക്കും ഉറപ്പു നല്‍കുന്നതാണ് അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ സ്വീകരിച്ച പുതിയ നടപടികള്‍. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നടത്തിയ പ്രഖ്യാപനത്തില്‍ എമിറേറ്റിന്റെ ചെറുകിട-ഇടത്തരം സംരംഭക മേഖല തുടര്‍ന്നും മികച്ച രീതിയില്‍ മൂന്നോട്ട് പോകുമെന്ന് ഉറപ്പു വരുത്താനുള്ള പ്രധാന നടപടികളിലുള്പ്പെടുന്നു. അതേസമയം, നിലവിലുളള സാഹചര്യത്തില്‍ താമസക്കാര്‍ക്കും ബിസിനസുകള്‍ക്കും ഒരുപോലെ പ്രയാസങ്ങള്‍ കുറക്കാനും ഈ നടപടികള്‍ സഹായിക്കുന്നു. കോവിഡ് 19 പ്രതിസന്ധി മറികടക്കുന്നതിന് ദുബൈ ഗവണ്മെന്റും സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികള്‍ വെല്ലുവിളികളെ എങ്ങനെയാണ് വിജയകരമായി നേരിടുന്നതെന്ന് കാണിച്ചു തരുന്നതാണ് ഈ നീക്കങ്ങളെന്നും ഡോ. ആസാദ് കൂട്ടിച്ചേര്‍ത്തു.
ഉത്തേജക പാക്കേജ് പ്രതീക്ഷ
പകരുന്നത്: ഡോ. ഷംഷീര്‍ വയലില്‍
അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശ പ്രകാരം അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് സാധാരണക്കാര്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ പ്രതീക്ഷ പകരുന്നതാണെന്ന് വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും എംഡിയുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ദുബൈ ഗവണ്മെന്റും യുഎഇ സെന്‍ട്രല്‍ ബാങ്കും പ്രഖ്യാപിച്ച പദ്ധതികള്‍ക്കും ഉത്തേജക പാക്കേജുകള്‍ക്കും പുറമെയുള്ള ഈ പ്രഖ്യാപനം സാമ്പത്തിക മേഖലയെ കൂടുതല്‍ ചലനാത്മകമാക്കും. നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതോടൊപ്പം സാധാരക്കാരുടെ ചെലവ് കുറക്കാനും സഹായിക്കും. മഹാമാരിയായ കോവിഡ്19 ആഗോള സാമ്പത്തിക രംഗത്ത് മാന്ദ്യത്തിന് കാരണമാകുമെന്നാണ് വിലയിരുത്തലുകള്‍. അത് യുഎഇയെ ബാധിക്കാതിരിക്കാനുള്ള ദീര്‍ഘ വീക്ഷണത്തോടെ പ്രഖ്യാപിച്ച ഉത്തേജക പാക്കേജിലൂടെ വിവിധ മേഖലകളില്‍ മികവുണ്ടാകും. ജീവിതച്ചെലവ് കുറക്കാനും നിക്ഷേപകരുടെ താല്പര്യങ്ങള് സംരക്ഷിക്കാനും ഒരേസമയം ശ്രദ്ധ ചെലുത്തിയതിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുള്ളവര്‍ക്കും പാക്കേജിന്റെ ഗുണം ലഭിക്കും. നിലവിലെ സാഹചര്യം മറികടക്കുന്നതില്‍ യുഎഇ ഭരണാധികാരികള്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം എല്ലാവര്ക്കും പ്രചോദനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.