ദുബൈ: ലോകത്തെമ്പാടും കൊറോണ വൈറസ് പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭീതിക്ക് പകരം മുന്‍കരുതലിനാണ് നാം പ്രാധാന്യം നല്‍കേണ്ടതെന്ന് ഷാര്‍ജ ഷിഫാ അല്‍ജസീറ ക്‌ളിനിക്കിലെ ഫിസിഷ്യന്‍ ഡോ. ടി.സി മുഹമ്മദ് ഷരീഫ് പറഞ്ഞു. ആരോഗ്യമുള്ളവരെയും ഇല്ലാത്തവരെയും ഒരു പോലെ പിടികൂടുന്ന കൊറോണ വൈറസ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ജീവിത ശൈലീ രോഗമുള്ളവരിലും പ്രായമുള്ളവരിലുമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് ഏത് പ്രായക്കാര്‍ക്കും അപകടമുണ്ടാക്കാം. ആവശ്യത്തിന് ശ്രദ്ധയും അസുഖം വന്നാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ ചികിത്സക്ക് വിധേയമാവുകയും ചെയ്താല്‍ കൊറോണ കൊണ്ടുള്ള അപകടങ്ങള്‍ ഒരു പരിധി വരെ കുറക്കാനും അസുഖത്തില്‍ നിന്ന് വിമുക്തമാവാനും സാധിക്കുമെന്നും അദ്ദേഹം ഉപദേശിച്ചു. ശരീര ശുദ്ധി തന്നെയാണ് പ്രധാനം. എപ്പോഴും കൈകള്‍ ശുചിയായി സൂക്ഷിക്കുക. വായുവിലൂടെ പടരുന്നതിന് പകരം രോഗിയുടെ സ്രവങ്ങളിലൂടെ പകരാനാണ് കൂടുതല്‍ സാധ്യത എന്നതിനാല്‍ രോഗികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കലാണ് ആദ്യം ചെയ്യേണ്ടത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗിയില്‍ നിന്നും തെറിച്ചു വീഴുന്ന സ്രവങ്ങളില്‍ വൈറസ് ഉണ്ടാവാം. കൈകാലുകള്‍ അണുനാശിനി ഉപയോഗിച്ചു ഇടയ്ക്കിടെ വൃത്തിയാക്കുക എന്നതിനാണ് ഏവരും പ്രാമുഖ്യം കൊടുക്കേണ്ടത്. ഇത് കൊണ്ട് തന്നെ വൈറസ് ഉണ്ടായേക്കാവുന്ന ഏതെങ്കിലും പ്രതലങ്ങളില്‍ സ്പര്‍ശിച്ചവര്‍ക്ക് അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും.