കൊറോണയെ ചെറുക്കാന്‍ അബുദാബി ബസ് സ്റ്റേഷനില്‍ അണുമുക്ത സ്മാര്‍ട് ഗേറ്റ്

100
അബുദാബി സംയോജിത ഗതാഗത കേന്ദ്രം അബുദാബി മെയിന്‍ ബസ് സ്റ്റേഷനില്‍ സ്മാര്‍ട് അണുവിമുക്ത ഗേറ്റ് സ്ഥാപിച്ചപ്പോള്‍

അബുദാബി: അബുദാബി സംയോജിത ഗതാഗത കേന്ദ്രം പ്രധാന ബസ് സ്റ്റേഷനില്‍ സ്മാര്‍ട് അണുവിമുക്ത ഗേറ്റ് നടപ്പാക്കി. അബുദാബിയിലെ പ്രധാന ബസ് സ്റ്റേഷന്റെ പ്രവേശന കവാടത്തിലാണ് അണുനാശിനി ഗേറ്റ് നടപ്പാക്കിയിട്ടുള്ളത്. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ബസ് സ്റ്റേഷനിലേക്ക് വരുന്ന മുഴുവന്‍ യാത്രക്കാരും പുതിയ ഗേറ്റ് വഴി മാത്രം പ്രവേശിക്കുകയും അണുവിമുക്തമാക്കുന്ന വസ്തുക്കള്‍ തളിക്കുകയും ചെയ്യും. കൊറോണ വൈറസിനെതിരെയുള്ള ഐടിസിയുടെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വമധേയാ പ്രവര്‍ത്തിക്കുന്ന സ്‌പ്രേ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗേറ്റ് എല്ലാ ദിവസവും രാവിലെ 6 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കുന്ന ഇവിടെ പ്രത്യേകം നിയോഗിക്കപ്പെട്ട സംഘം ശുചിത്വം ഉറപ്പ് വരുത്തുകയും ചെയ്യും.
അബുദാബി എമിറേറ്റിലെ എല്ലാ പ്രധാന ബസ് സ്റ്റേഷനുകളിലും സമാനമായ ഗേറ്റുകള്‍ ഉടന്‍ നടപ്പാക്കുമെന്ന് ഐടിസി വെളിപ്പെടുത്തി. കൊറോണ വൈറസ് ആരംഭിച്ചത് മുതല്‍ ഐടിസി നിരവധി മുന്‍കരുതല്‍ നടപടികളാണ് പിന്തുടര്‍ന്നു വരുന്നത്.
സമൂഹത്തെയും പൊതുഗതാഗത ഉപയോക്താക്കളെയും സംരക്ഷിക്കാനായി പൊതുഗതാഗതം വിപുലമായി വൃത്തിയാക്കുകയും വന്ധ്യംകരണം നടത്തുകയും ചെയ്യുന്നു. ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അടുത്തിടെ പ്രഖ്യാപിച്ച ദേശീയ അണുനാശിനി പദ്ധതിയിലെ പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്.