
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 519 ആയി ഉയര്‍ന്നു. കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ ഇന്നലെയും പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം 500നു മുകളില്‍ എത്തിയത്. കേരളത്തില്‍ മാത്രം ഇന്നലെ 14 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതില്‍ 470 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 10 പേര് രോഗം ബാധിച്ച് മരിക്കുകയും ശേഷിച്ചവര്‍ രോഗമുക്തി നേടി ആസ്പത്രി വിടുകയും ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ ആയിരം രൂപ പിഴയോ ആറുമാസം വരെ തടവോ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെയും ആവര്‍ത്തിച്ച് താക്കീത് ചെയ്തു. ഇതിനിടെ കോവിഡ് 19 വ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കി സംസ്ഥാനങ്ങള്‍. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 500 കടക്കുകയും പത്തുപേര്‍ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കൂടുതല്‍ സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. പശ്ചിമബംഗാള്‍, ഗോവ, സിക്കിം, മിസോറാം സംസ്ഥാനങ്ങളാണ് ഇന്നലെ അടച്ചിടല്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഗോവയിലും സിക്കിമിലും ഒറ്റ കോവിഡ് 19 കേസും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില രോഗവ്യാപനം കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് അടച്ചില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമബംഗാളില്‍ ഇന്നലെ വൈകീട്ടു മുതല്‍ അടച്ചിടല്‍ പ്രാബല്യത്തില്‍ വന്നു. മാര്‍ച്ച് 31 വരെയാണ് നിയന്ത്രണങ്ങള്‍. ഉത്തര്‍പ്രദേശില്‍ ഇന്ന് മുതല്‍ മൂന്നു ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നിയന്ത്രണം ദീര്‍ഘിപ്പിക്കുന്നകാര്യം ആലോചിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. നേപ്പാള്‍ ഇന്ത്യ അതിര്‍ത്തി അടച്ചിട്ടുണ്ട്. ഡല്‍ഹിയുമായുള്ള അതിര്‍ത്തി അടച്ചതായി ഹരിയാനയും വ്യക്തമാക്കി. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വിശാഖപട്ടണം നഗരം പൂര്‍ണമായി അടച്ചു. ഇവിടെ ആറ് കോവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ ചില ജില്ലകളില്‍ മാത്രം അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്ന ഒഡീഷയും നിയന്ത്രണങ്ങള്‍ സംസ്ഥാന വ്യാപകമാക്കിയിട്ടുണ്ട്. അടച്ചിടലുകള്‍ക്ക് പുറമെ മിക്ക സംസ്ഥാനങ്ങളിലും ജില്ലാ ഭരണകൂടങ്ങള്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശീയമായി പോലും ആളുകള്‍ തടിച്ചു കൂടുന്നതും കൂട്ടത്തോടെ മാര്‍ക്കറ്റുകളിലും മറ്റും എത്തുന്നതും നിയന്ത്രിക്കുകയും അതുവഴി രോഗ വ്യാപനം തടയുകയുമാണ് ലക്ഷ്യം. ഹിമാചല്‍പ്രദേശിലും മണിപ്പൂരിലും സംസ്ഥാന വ്യാപക നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും റെയില്‍, വ്യോമ ഗതാഗതങ്ങള്‍ നിലച്ച് ഒറ്റപ്പെട്ടിരിക്കുകയാണ്. സമ്പൂര്‍ണ അടച്ചിടലും നിരോധനാജ്ഞയും പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. രോഗവാഹകര്‍ മറ്റു സ്ഥലങ്ങളില്‍ എത്തി കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗവ്യാപനമുണ്ടാകുന്നത് ഇതിലൂടെ തടയാനാകുമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം ഡല്‍ഹിയില്‍ കഴിഞ്ഞ 40 മണിക്കൂറിനിടെ ഒറ്റ പുതിയ കേസും സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. സമ്പൂര്‍ണ അടച്ചില്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഫലം കാണുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്. നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് 5000 രൂപ ഒറ്റത്തവണ സഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.
കേരളത്തില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 19
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ക്കോട് ജില്ലയില്‍ ആറുപേര്‍ക്കും കോഴിക്കോട്ട് രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടും. ഇതോടെ സംസ്ഥാനത്തൊട്ടാകെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 106 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ ദുബൈയില്‍നിന്ന് വന്നതാണ്. ഖത്തറില്‍നിന്ന് വന്ന ഒരാള്‍ക്കും യു.കെയില്‍നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുമായുള്ള സമ്പര്‍ക്കം വഴിയാണ് മൂന്നുപേര്‍ക്ക് രോഗം ബാധിച്ചത്. 72460 പേര് ആണ് സംസ്ഥാനത്തൊട്ടാകെ നിരീക്ഷണത്തില്‍ ഉള്ളത്.ഇതില്‍ 71,994 പേര് വീടുകളിലും 466 പേര് ആസ്പത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ മാത്രം രോഗലക്ഷണങ്ങളോടെ 164പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 4516 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചപ്പോള്‍ 3331 സാമ്പിളുകളില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട്ടില്‍ ആദ്യമായാണ് ഇങ്ങനെയൊന്ന് സംഭവിക്കുന്നത്. അതിന്റെ ഗൗരവം എല്ലാവരും ഉള്‍കൊള്ളണം. അനാവശ്യമായ യാത്രയും പുറത്തിറങ്ങലും ഒഴിവാക്കണം. ടാക്സി, ഓട്ടോ എന്നിവ അടിയന്തര വൈദ്യ സഹായത്തിനും ഔഷധങ്ങള്‍ വാങ്ങാനും മാത്രമേ സര്‍വീസ് നടത്താവൂ. സ്വകാര്യ വാഹനങ്ങളില്‍ െ്രെഡവര്‍ക്കു പുറമെ ഒരു മുതിര്‍ന്ന ആള്‍ക്കു മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതി. ഏത് കാര്യത്തിനായാലും പൊതു സ്ഥലത്ത് അഞ്ചില്‍ അധികം പേര് ഒത്തു ചേരുന്നതിന് നിരോധനമുണ്ട്. ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനം, പാല്, മുട്ട, ഇറച്ചി, കോഴി, കന്നുകാലിത്തീറ്റ, ബേക്കറി കടകളൊക്കെ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചു മണിവരെ പ്രവര്‍ത്തിക്കണം. കാസര്‍ക്കോട് ജില്ലയില്‍ നേരത്തെ തീരുമാനിച്ചതു പ്രകാരമുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയില്‍
ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ: ഖത്തറില്‍ നിന്നും ഗോവ വഴി തിരുവനന്തപുരത്തെത്തിയ ആലപ്പുഴ ജില്ലക്കാരനായ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ആസ്പത്രി ഐസൊലേഷനിലുണ്ടായിരുന്ന ആള്‍ക്കാണ് രോഗം കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷനിലെ സ്ക്രീനിംഗില്‍ നിന്നും ആസ്പത്രിയിലേക്ക് അയച്ച ഇദ്ദേഹത്തെ നിരീക്ഷണത്തിനായി വീട്ടിലേക്ക് അയച്ചിരുന്നു.
16,000 കടന്ന് മരണം
രോഗബാധിതര്‍ നാലു ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: ലോകത്തൊട്ടാകെ കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 16,000 കടന്നു. ലോകാരോഗ്യസംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മരണ സംഖ്യ 16,572 ആണ്. 3,81,293 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഇറ്റലിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 6077 ആയിട്ടുണ്ട്. ഇവിടെ മൊത്തം രോഗബാധിതരുടെ എണ്ണം 63,927 ആയി. സ്പെയിനിലും മരണ സംഖ്യ ദിനേന ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 2311 ആണ് ഒടുവിലത്തെ കണക്ക്. ഇറാനില്‍ 1812ഉം ഫ്രാന്‍സില്‍ 860ഉം ബ്രിട്ടനില്‍ 335ഉം പേരാണ് ഇതുവരെ മരിച്ചത്.