കുവൈത്തില്‍ കെറോണ ബാധിതരുടെ എണ്ണം 100

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ 20 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം 100 പേര്‍ക്ക് കൊവിഡ് 19 ബാധിച്ചെന്ന്് ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം കൂടുതല്‍ കര്‍ശനനടപടികളുമായി സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ ഉത്തരവിട്ടു. അനാവശ്യമായി വീടുകളില്‍ നിന്നും പുറത്തിങ്ങരുതെന്ന അറിയിപ്പുമായി മുന്‍സിപ്പല്‍-പൊതുവാര്‍ത്താവിതരണ മന്ത്രാലയങ്ങള്‍ സര്‍കുലറുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ കുവൈത്തില്‍ ബസ് സര്‍വ്വീസ് നിര്‍ത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുവൈത്തിലെ ബസ് ഗതാഗതവും നിര്‍ത്തിവയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതനുസരിച്ച് ഇപ്പോള്‍ മുഴുവന്‍ ബസ് കമ്പനികളും സര്‍വ്വീസ് നിര്‍ത്തി.
കുവൈത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റേയും അനുമതി ലഭിക്കുന്നതനുസരിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്ന് സ്‌കൂളുകള്‍ അറിയിച്ചു. ഈ പരീക്ഷകള്‍ പിന്നീട് നടത്താമെന്ന് സിബിഎസ്ഇ അധികൃതര്‍ ഉറപ്പ് നല്‍കിയതായും ബന്ധപ്പെട്ടവര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.