കോവിഡ്-19: തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്ന് ഡിഎച്ച്എ; വേണ്ടത് ശുചിത്വവും കരുതലും

37

ദുബൈ: ലോകമെമ്പാടും മേഖലയിലും കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ആദ്യം ഒഴിവാക്കേണ്ടത് തെറ്റിദ്ധാരണകളാണെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) അറിയിച്ചു. ആദ്യം സ്വീകരിക്കേണ്ടത് ശുചിത്വവും മുന്‍കരുതലുമാണ്. രോഗം വ്യാപകമായ രാജ്യങ്ങളില്‍ 14 ദിവസത്തിനുള്ളില്‍ പോകുകയോ രോഗബാധിതരുമായി അടുത്തിടപഴകുകയോ ചെയ്തിട്ടില്ലെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി. സംശയമുള്ളവര്‍ പരിശോധന നടത്തേണ്ടതുണ്ട്. പനി, ചുമ, ശ്വാസം മുട്ടല്‍, തുമ്മല്‍, തൊണ്ടവേദന, മനംപുരട്ടല്‍, വയറിളക്കം എന്നിവയുണ്ടെങ്കില്‍ നിസ്സാരമായി കാണരുത്. രോഗിയുടെ തൊണ്ടയിലെ സ്രവം ലത്തീഫ ആശുപത്രിയിലെ സെന്‍ട്രല്‍ വൈറോളജി ലാബില്‍ പരിശോധനക്ക് വിധേയമാക്കും. 24 മണിക്കൂറിനകം ഫലം അറിയാം. ഫലം നെഗറ്റീവാണെങ്കില്‍ സാധാരണ വൈറല്‍പ്പനിക്കുള്ള ചികിത്സ നല്‍കും. പോസിറ്റാവാണെങ്കില്‍ രോഗിയെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റും. വൈറല്‍പ്പനിയുള്ളവര്‍ കഴിയുന്നതും വീടിനുള്ളില്‍ തന്നെ കഴിയുന്നതാണു നല്ലത്. സഹായത്തിനും സംശയനിവാരണത്തിനും വിളിക്കേണ്ട നമ്പരുകള്‍: 800 342, 8001717, 80011111.
കോവിഡ്-19 രോഗത്തിന് പ്രത്യേകമായി ലക്ഷണങ്ങളൊന്നുമില്ല. പനി, ചുമ, ശ്വാസം മുട്ടല്‍ എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍. രോഗം വ്യാപകമായ രാജ്യങ്ങളില്‍ നിന്നു മടങ്ങിയെത്തിയവര്‍, ഇവരുമായി അടുത്തിടപഴകിയവര്‍ എന്നിവരാണു പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കൊറോണ പടരുന്നതായ വാര്‍ത്ത പ്രചരിച്ചതോടെ പൗരന്മാരും താമസക്കാരും ഒരു പോലെ ഭീതിയിലാണ്. പ്രധാന മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ആളുകള്‍ പൊതുവെ കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് പ്രധാനപ്പെട്ട എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചു. സ്‌കൂളുകളും ഞായറാഴ്ച മുതല്‍ അടച്ചിടും. എന്നിരുന്നാലും ദേര പോലുള്ള ആളുകള്‍ തിങ്ങിനിറഞ്ഞ സ്ഥലങ്ങളില്‍ പല ആളുകളും ശുചിത്വം പാലിക്കുന്നില്ല. ഇക്കാരണത്താല്‍
ചെറിയ ജലദോഷം കണ്ടാല്‍ പോലും ബാച്‌ലേഴ്‌സ് താമസയിടങ്ങള്‍, ലേബര്‍ ക്യാംപുകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അസ്വസ്ഥരാകുന്ന സാഹചര്യമുണ്ട്. ഇത്തരമാളുകള്‍ ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിതമാകുന്നു. തിരക്കേറിയ മെട്രോ ട്രെയിനില്‍ യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു. ഒരാള്‍ ചുമയ്ക്കുയോ തുമ്മുകയോ ചെയ്താല്‍ ചുറ്റുമുള്ളവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നു. അതേസമയം ശുചിത്വശീലങ്ങള്‍ ഒട്ടും പാലിക്കാത്തവരുമുണ്ട്.