ദുബൈ: കൊറോണ ബാധിതമായ ചൈനയില്‍ നിന്നും ഒഴിപ്പിച്ച 215 പേരെ യുഎഇയിലെത്തിച്ച് അബുദാബിയിലെ ഹ്യൂമാനിറ്റേറിയന്‍ സിറ്റിയില്‍ പാര്‍പ്പിച്ചു. ഇവര്‍ക്ക് 14 ദിവസത്തേക്ക് ക്വാറന്‍ടൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ ഹോംലാന്റ് ഓഫ് ഹ്യൂമാനിറ്റിയെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യുട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്്യാന്റെ നിര്‍ദേശപ്രകാരമാണ് നടപടി. അറബ് രാജ്യങ്ങളിലെയും സൗഹൃദരാജ്യങ്ങളിലെയും ആളുകളെയാണ് ഒഴിപ്പിച്ചിട്ടുള്ളത്. ചൈനയിലെ ഹ്യൂബിയില്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ താമസിപ്പിച്ചിരുന്നവരെയാണ് ഇപ്പോള്‍ യുഎഇയിലെത്തിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്നഹ്്യാന്റെ നിര്‍ദേശപ്രകാരമാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഇക്കാര്യത്തില്‍ ഉത്തരവിട്ടത്. സഹോദര രാജ്യങ്ങളില്‍ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളില്‍ കഴിയുന്ന ആളുകളെ മാനുഷികപരിഗണനയുടെ ഭാഗമായി സഹായിക്കുകയെന്ന രാജ്യത്തിന്റെ നയത്തിന്റെ ഭാഗമായാണ് ഈ നടപടി. സര്‍വ്വസജ്ജമായ പ്രത്യേക വിമാനത്തില്‍ മെഡിക്കല്‍ സംവിധാനത്തോടെയാണ് ഇവരെ ചൈനയില്‍ നിന്നും ഇവിടെയെത്തിച്ചത്. ലോകാരോഗ്യ സംഘടനയുടെ നിലവാരത്തിലുള്ള ആരോഗ്യ-ചികിത്സാ സംവിധാനങ്ങള്‍ ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇവരെ ഇവിടെയെത്തിക്കാനായി ഒരു പ്രത്യേക വളണ്ടിയര്‍ ടീം പ്രവര്‍ത്തിച്ചിരുന്നു. വിമാനത്തിന്റെ പൈലറ്റ്, മെഡിക്കല്‍ ടീം, അഡ്മിനിസ്ട്രേറ്റീവ് ടീം എന്നിവരുള്‍പ്പെടെയാണ് വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചത്. ചൈനയിലെ ഹ്യൂബിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് ഇവിടെയെത്തിച്ചത് യുഎഇയുടെ മാനവിക മുഖമുദ്രയാണെന്ന് വ്യക്തമാക്കുന്നതില്‍ അഭിമാനിക്കുന്നതായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. ഇവരെ അവരുടെ വീടുകളില്‍ എത്തിക്കുന്നതിന് മുമ്പ് മികച്ച മെഡിക്കല്‍ സഹായം നല്‍കും. ഈ ദൗത്യത്തിന് നേതൃത്വം നല്കുന്നതില് എല്ലാ പിന്തുണയും നല്‍കിയതില്‍ ചൈനീസ് സര്‍ക്കാരിന് എല്ലാ കൃതജ്ഞയും അറിയിക്കുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു. ഇത്രയും ആളുകളെ ചൈനയിലെ കൊറോണ ബാധിത മേഖലയില്‍ നിന്നും ഒഴിപ്പിക്കുന്നതിന് വിദേശകാര്യ ഇന്റര്‍നാഷണല്‍ കോര്പറേഷന് മന്ത്രാലയം, ചൈനയില്‍ യുഎഎംബസി എന്നിവ നേതൃത്വം നല്കി. സുഡാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഒഴിപ്പിക്കപ്പെട്ട സംഘത്തിലുണ്ട്. ഇവിടെ എത്തിയവര്‍ക്ക് എല്ലാ ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ഒപ്പം ഇവരെ സ്വദേശത്തേക്ക് എത്തിക്കാനുള്ള എല്ലാ നടപടികളും വാഗ്ദാനം ചെയ്തു. അബുദാബിയില്‍ എത്തിച്ചവരെ വിശദമായ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.