കേരളത്തില്‍ അടുത്ത രണ്ടാഴ്ച നിര്‍ണായകം

37
കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി രാമനാട്ടുകര മേല്‍പ്പാലത്തിന് താഴെ കെഎസ്ആര്‍ടിസി ബസില്‍ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് പരിശോധന നടത്തുന്നു
  • രോഗം ബാധിച്ച 24 പേരുടെയും നില തൃപ്തികരം
  • പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
  • 18011 പേര്‍ നിരീക്ഷണത്തില്‍
  • 4353 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

 

സംസ്ഥാനത്തിന് ആശ്വാസകരമായ ദിനം. പുതുതായി ഇന്നലെ ആര്‍ക്കും കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തില്ല. 18011 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 17743 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 65 പേരെ പുതുതായി ഇന്നലെ ആശുപത്രിയില്‍ പ്രവേശിച്ചു. 5372 പേരെ പുതുതായി നിരീക്ഷണത്തിലാക്കുകയും ചെയ്തു. അതേ സമയം 4353 പേര്‍ക്ക് രോഗമില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയതായും മുഖ്യമന്ത്രി  പിണറായി വിജയന്‍  അറിയിച്ചു. ഇന്നലെ 2467 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 1807 സാമ്പിളുകള്‍ നെഗറ്റീവാണ്. കോവിഡ് വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാറിനെ ഉപദേശിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊതു ജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ വെബ് പോര്‍ട്ടല്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വായ്പാ തിരിച്ചടവിനുള്ള സമയം ദീര്‍ഘിപ്പിക്കാന്‍ ബാങ്കേഴ്‌സ് സമിതിയോട് അഭ്യര്‍ത്ഥിച്ചതായും മുഖ്യമന്തി പറഞ്ഞു.
അതേ സമയം കോവിഡ് വ്യാപനത്തില്‍ അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന വിലയിരുത്തലില്‍ അതീവ ജാഗ്രതയോടെ സംസ്ഥാനം. സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവരെ പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ നിരീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരം ശ്രീചിത്രയില്‍ രോഗം ബാധിച്ച ഡോക്ടറുമായും ഇറ്റാലിയന്‍ പൗരനുമായും സമ്പര്‍ക്കത്തിലായവരുടെ അവസാന പട്ടിക തയാറാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ശ്രീചിത്രയ്ക്ക് തൊട്ടു ചേര്‍ന്നുളള ആര്‍.സി.സിയും അതീവ ജാഗ്രതയിലാണ്. രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന ഇരുപത്തിനാല് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.  നിലവില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് തിരികെയെത്തിയവര്‍ക്കും അവരുമായി അടുത്തിടപഴകിയവര്‍ക്കും മാത്രമാണ് രോഗബാധയുണ്ടായിട്ടുള്ളത്. അവരില്‍ നിന്ന് സമൂഹ വ്യാപനത്തിലേയ്ക്ക് കടക്കുകയാണങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളിലുണ്ടാകും. അതുകൊണ്ടുതന്നെയാണ് ആശങ്ക ഒഴിവായിട്ടില്ലെന്നും കടുത്ത ജാഗ്രത വേണമെന്നും രണ്ടാംഘട്ടത്തില്‍ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത പത്തനംതിട്ട ഡി.എം.ഒ മുന്നറിയിപ്പ് നല്‍കുന്നത്. അതേ സമയം പത്തനംതിട്ടയില്‍ ഡോക്ടര്‍ അടക്കം രണ്ടുപേര്‍ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ നിരീക്ഷണത്തിലായി.  ഡോക്ടര്‍ക്ക് രോഗബാധിതരുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നും  ഡി.എം.ഒ അറിയിച്ചു. ക്വാറന്റീന്‍ കഴിഞ്ഞ് പുറത്തുപോകുന്നവര്‍ കൂടുതല്‍ ആളുകളോട് ഇടപഴകരുത്. രോഗലക്ഷണം കണ്ടാലുടന്‍ ബന്ധപ്പെടണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. എട്ടു ജില്ലകളിലായി ചികില്‍സയില്‍ കഴിയുന്ന രണ്ടു വിദേശ പൗരന്മാരക്കം 24 പേരും സുഖം പ്രാപിപിച്ചു വരുന്നു. തിരുവനന്തപുത്ത് ഡോക്ടറുമായി സമ്പര്‍ക്കത്തിലായ 43 ഡോക്ടര്‍മാരടക്കം 279 പേരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറായിട്ടുണ്ട്. നിരവധി പേരുമായി ബന്ധപ്പെട്ട ഇറ്റാലിയന്‍ പൗരന്റെ സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ വെല്ലുവിളിയായി തുടരുകയാണ്. ശ്രീചിത്രക്ക് തൊട്ടു ചേര്‍ന്നുള്ള ആര്‍സിസിയില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലെ കമ്യൂണിറ്റി ഓങ്കോളജി ഒപി അനിശ്ചിതകാലത്തേക്ക് നിര്‍ത്തി. സന്ദര്‍ശക നിയന്ത്രണവും ഏര്‍പ്പെടുത്തി.