കോവിഡ് പ്രതിരോധത്തില്‍ പാളിച്ചകള്‍ വ്യക്തം

24

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലെ പാളിച്ചകളും മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും വാര്‍ത്താസമ്മേളനങ്ങളുടെ പേരിലുള്ള അമിതപ്രശംസയിലെ പൊള്ളത്തരങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് ശരിവെക്കുന്നതായി സംസ്ഥാനത്തെ പുതിയ സംഭവവികാസങ്ങള്‍. നിയമസഭയില്‍ പ്രതിപക്ഷം തുറന്നുകാണിച്ച വീഴ്ചകളെ ക്രൂരമായി ആക്രമിച്ച സിപിഎം സൈബര്‍  പോരാളികള്‍ കാര്യങ്ങള്‍ കൈവിടുന്ന സ്ഥിതിയിലെത്തിയതോടെ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. നിയമസഭയില്‍ പ്രതിപക്ഷം തുറന്നുകാണിച്ച പോരായ്മകള്‍ കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ ബ്രിട്ടീഷ് പൗരന്റേതടക്കുമുളള യാത്രകള്‍. സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടി നിരവധിപേര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നു.
പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കിലൂടെ സര്‍ക്കാരിന്റെ വീഴ്ചകള്‍ പ്രതിപക്ഷം തുറന്നുകാട്ടിയതിനെ ശരിവെക്കുന്നു.  ആരോഗ്യമന്ത്രിയെ പ്രശംസിച്ച ഹരീഷ് വാസുദേവന്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാരിന്റെ പരിമിതികള്‍ തുറന്നുകാണിച്ചതിനെ പ്രശംസിക്കുന്നുണ്ട്്.
ഇതുവരെയുള്ള ആരോഗ്യമന്ത്രിയുടെയും സംഘത്തിന്റെയും എല്ലാ നല്ല നീക്കങ്ങളെയും പിന്തുണച്ച കാര്യം സൂചിപ്പിക്കുന്ന  അദ്ദേഹം മന്ത്രിക്ക് പോളിസി ലെവലിലുള്ള പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇനി ഇത് ഇങ്ങനെ പോരാ എന്ന് തുറന്നടിക്കുന്നു.മെഡിക്കല്‍ കോളേജില്‍ പരിശോധന കഴിഞ്ഞു വീട്ടില്‍ പോയ വ്യക്തിയെപ്പറ്റി കെ. ശബരീനാഥന്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞത് അദ്ദേഹം എടുത്തുകാട്ടുന്നു. മൂന്നാറിലെ സര്‍ക്കാര്‍ റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആള്‍ സര്‍ക്കാരറിയാതെ കൊച്ചി വരെ വന്ന് ഫ്‌ളൈറ്റില്‍ കയറിയത് ബന്ധപ്പെട്ടവരുടെ പിടിപ്പുകേടുകൊണ്ടാണെന്ന് വ്യക്തമാണ്. മാധ്യമങ്ങള്‍ വഴിയുള്ള പൊതു ഉപദേശ നിര്‍ദ്ദേശം പോരാ. അനുസരിക്കാത്തവര്‍ക്ക് നഷ്ടം നികത്താനുള്ള ബാധ്യത കൊണ്ടുവരണമെന്നും എല്ലാവരും ശൈലജ ടീച്ചര്‍ പറയുന്നത് അപ്പടി അനുസരിക്കുന്ന നല്ല കുട്ടികളല്ല എന്നു മനസ്സിലാക്കണമെന്നും ഹരീഷ് ഓര്‍മ്മിപ്പിക്കുന്നു.
മന്ത്രിയോ വകുപ്പുദ്യോഗസ്ഥരോ ഫേസ്ബുക്ക് വഴിയോ മാധ്യമങ്ങള്‍ വഴിയോ നേരിട്ടോ കൊടുക്കുന്ന ഉപദേശനിര്‍ദ്ദേശങ്ങള്‍ പോരാ അടുത്ത ഘട്ടത്തില്‍ ജനങ്ങളെ അനുസരിപ്പിക്കാന്‍. പൊതുജനാരോഗ്യം തകരാറിലാകുമ്പോള്‍ നിയമം അനുസരിച്ചു മാത്രം പോകാനുള്ള ഉത്തരവാദിത്തം പൗരന്മാര്‍ക്ക് ഉണ്ടാക്കണം.
ഹോട്ടലിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരുടെ നിരീക്ഷണ വിവരങ്ങള്‍ അപ്പപ്പോള്‍ ആരോഗ്യവകുപ്പിനെ അറിയിക്കാന്‍ ഹോട്ടലുകള്‍ക്ക് ഇപ്പോള്‍ നിയമപരമായ ബാധ്യതയുണ്ടോയെന്നും പൗരന്മാര്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിക്കാന്‍ ബാധ്യതയുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.
സംസ്ഥാനത്ത് അടിയന്തിരമായി പൊതുജനാരോഗ്യ നിയമം ഉണ്ടാക്കണമെന്ന് ഡോ.എംകെ മുനീര്‍ നിയമസഭയില്‍ പറഞ്ഞത് ഹരീഷ് വാസുദേവന്‍ എടുത്തുപറയുന്നു. 1955 ലെ പഴയ നിയമം വെച്ചാണ് പൊതുജനാരോഗ്യം ഇപ്പോഴും ഓടിക്കുന്നതെന്നും ഇക്കാര്യം ഡോ.എംകെ മുനീര്‍ ചൂണ്ടിക്കാട്ടിയതും പിന്നീട് തന്റെ ഫേസ്ബുക്ക് കുറിപ്പ് എഡിറ്റ് ചെയ്ത് അദ്ദേഹം വ്യക്തമാക്കുന്നു. പ്രതിപക്ഷത്തിന്റെ ഇടപെടലിനെ പരിഹസിച്ചവര്‍ക്കുള്ള ശക്തമായ മറുപടി കൂടിയാണ് ഹരീഷടക്കമുള്ളവരുടെ കുറിപ്പുകള്‍. . മുനീറിന്റെ വാക്കുകള്‍ കേള്‍ക്കാത്തത് സര്‍ക്കാരിന്റെ വലിയ വീഴ്ചയാണെന്നും തുടര്‍ച്ചയായി പ്രതിപക്ഷം ഇത് പുറത്ത് ഉന്നയിക്കണമെന്നും ഹരീഷ് പറയുന്നു.
2009ല്‍ ഉണ്ടാക്കിയ കരട് നിയമം പാസ്സായോ, ഇല്ലെങ്കില്‍ അത് ഓര്‍ഡിനന്‍സിലൂടെ പാസാക്കണം. അതിലെ പ്രധാന വകുപ്പുകള്‍ പ്രകാരം എല്ലാ മാസവും സംസ്ഥാന ആരോഗ്യ സമിതിയും ജില്ലാ ആരോഗ്യ സമിതിയും ചേര്‍ന്ന് പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ കൈക്കൊള്ളാവുന്ന എല്ലാം ചെയ്യണം, താമസിക്കേണ്ടതില്ല.
നിലവിലെ നിയമത്തിന്റെ വലിയ ന്യൂനതകള്‍ പരിഹരിക്കണം. അത് അനുസരിക്കാത്തവരില്‍ നിന്ന് അതിന്റെ നഷ്ടം ഈടാക്കാന്‍ വ്യവസ്ഥ കൊണ്ടുവരണം.ബ്രിട്ടീഷുകാരുടെ കാലത്തെ നിയമമാണ് ഇന്ന് കൊറോണയെ നേരിടാന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. രണ്ടാം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാരിന് പകര്‍ച്ചവ്യാധി തടയാന്‍ ഉചിതമായ നടപടികള്‍ എടുക്കാം. എന്നാല്‍ അതും ഈ ഘട്ടത്തില്‍ പര്യാപ്തമല്ല.
പൊതുജനാരോഗ്യം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളില്‍  കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവാദിത്തം വരണം. ലംഘിക്കുന്നവരില്‍ നിന്ന് ആ നഷ്ടം ഈടാക്കാന്‍ വ്യവസ്ഥ കൊണ്ടുവരണം. എങ്കില്‍ മാത്രമേ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നവരും അനുസരിക്കാത്തവരും തമ്മില്‍ വ്യത്യാസമുണ്ടാകൂ. അനുസരിക്കുന്നവരുടെ നഷ്ടം നികത്താന്‍ കഴിയൂ. പൗരന് ഉത്തരവാദിത്തം വന്നാലേ സംവിധാനത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയൂ. അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.