കോവിഡ് 19: യുഎഇയില്‍ 50 പുതിയ കേസുകള്‍; ആകെ 248

    75

    ദുബൈ: യുഎഇയില്‍ പുതുതായി 50 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ, രാജ്യത്ത് ആകെ സ്ഥിരീകരിച്ച കൊറോണ കേസുകള്‍ 248 ആയി. അതേസമയം, അസുഖം ബാധിച്ചിരുന്ന നാലു പേര്‍ സുഖം പ്രാപിച്ചതായും യുഎഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ കൊറോണ സ്ഥിരീകരിച്ച വ്യക്തികളുമായി അടുത്തിടപഴകിയവര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. പുതിയ കേസുകളില്‍ ഉള്‍പ്പെട്ട വിവിധ രാജ്യക്കാര്‍ ഇവരാണ്: ശ്രീലങ്ക, ബ്രിട്ടന്‍, സഊദി അറേബ്യ, യെമന്‍, തുനീഷ്യ, ദക്ഷിണാഫ്രിക്ക, ബെല്‍ജിയം, ദക്ഷിണ കൊറിയ, ബള്‍ഗേറിയ, ഫ്രാന്‍സ്, ചെക് റിപ്പബ്‌ളിക്, ഓസ്‌ട്രേലിയ, ലബനാന്‍, കെനിയ, മാലദ്വീപ്, സുഡാന്‍, ഇറാന്‍, അയര്‍ലാന്റ്, മെറോക്കോ, പാക്കിസ്താന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഓരോരുത്തര്‍ക്കും; ഇറ്റലി, ഈജിപ്ത്, യുഎഇ, സ്‌പെയിന്‍, നെതര്‍ലാന്റ്‌സ്, ജോര്‍ദാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും രണ്ടു പേര്‍ക്ക് വീതവും; അമേരിക്ക, ബംഗ്ാദേശ്, ഫലസ്തീന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും മൂന്നു പേര്‍ക്ക് വീതവും; ഇന്ത്യയില്‍ നിന്ന് ആറു പേര്‍ക്കുമാണ് പുതുതായി രോഗം കണ്ടെത്തിയത്. എന്നാല്‍, ഈ മുഴുവന്‍ പേരും നല്ല ആരോഗ്യത്തോടെയാണെന്നും ആവശ്യമായ വൈദ്യ പരിചരണം സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അസുഖം പൂര്‍ണമായും മാറിയ നാലില്‍ മൂന്നു പേരും പാക്കിസ്താനികളും ഒരാള്‍ ബംഗ്‌ളാദേശിയുമാണ്. ഇതോടെ, രാജ്യത്ത് ഇതു വരെ മൊത്തം അസുഖം ഭേദപ്പെട്ടവര്‍ 45 പേരായി.
    അതിനിടെ, സ്വയം രക്ഷപ്പെടുന്നതിന് വെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകലും ചുമക്കുമ്പോഴും മൂക്കു ചീറ്റുമ്പോഴും തുമ്മുമ്പോഴും മുഖവും വായും ഭദ്രമായി അടക്കലും ഉള്‍പ്പെടെയുള്ള ആരോഗ്യപൂര്‍ണമായ നടപടികള്‍ പൊതുജനങ്ങള്‍ കൈക്കൊള്ളണമെന്ന് ആരോഗ്യ മന്ത്രാലയവും തദ്ദേശ അധികൃതരും ഉപദേശിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ വരുന്നത് ഒഴിവാക്കണം. അതോടൊപ്പം, ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂവെന്നും കിംവദന്തികളില്‍ അകപ്പെടുരുതെന്നും അധികൃതര്‍ പൊതുജനങ്ങളെ ഓര്‍മിപ്പിച്ചു.