ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധ ഇന്ത്യ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. രാജ്യത്ത് കൂടുതല്‍ കേസുകളും ഒന്നിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി. അതേസമയം വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച കേന്ദ്രം, പിന്നീട് ഈ തീരുമാനം പിന്‍വലിച്ചു. ധനസഹായം നല്‍കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് തുക നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. മരണ കാരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സഹായ വിതരണമെന്നും ആദ്യ ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ വൈകീട്ട് ആറു മണിയോടെയാണ് ഇതില്‍ മാറ്റം വരുത്തി പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇതുവരെ രണ്ടു മരണങ്ങളാണ് രാജ്യത്ത് കോവിഡ് 19 കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതിനിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 88ലെത്തി. കേരളത്തില്‍ നേരത്തെ രോഗവിമുക്തി നേടിയ മൂന്ന് കേസുകള്‍ ഉള്‍പ്പെടെയാണിത്. മഹാരാഷ്ട്രയും തെലുങ്കാനയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ഇന്നലെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ മരിച്ചത് കോവിഡ് 19 ബാധിച്ചാണെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫെബ്രുവരി അവസാനം സഊദി സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ബുല്‍ദാന ജില്ലക്കാരനായ 71കാരനാണ് മരിച്ചത്. പ്രമേഹവും രക്തസമര്‍ദ്ദവുമുള്ള ഇയാള്‍ കോവിഡ് 19 ലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഗുരുതര സ്ഥിതിയിലുള്ള രോഗികള്‍ക്ക് നിയന്ത്രിത അളവില്‍ എച്ച്.ഐ.വി പ്രതിരോധ മരുന്നുകള്‍ നല്‍കാന്‍ അനുമതിയുണ്ട്. ജെയ്പൂരില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് രോഗികള്‍ക്ക് മാത്രമാണ് ഈ മരുന്നു നല്‍കിയിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിന് നടപടികള്‍ ശക്തമാക്കിയതായും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. മുന്‍കരുതല്‍ നടപടികളുമായി ഭാഗമായി പശ്ചിമബംഗാളും കോവിഡ് 19നെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുകയും സ്‌കൂളുകളും കോളജുകളും അടച്ചിടുകയും ചെയ്തു. ഈ മാസം 31 വരെയാണ് സ്‌കൂളുകള്‍ അടച്ചിടുക. മദ്രസകളും അടച്ചിടും. അതേസമയം വാര്‍ഷിക പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം നടക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേരത്തെതന്നെ സ്‌കൂളുകള്‍ അടച്ചട്ടിരുന്നു.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലും തലസ്ഥാനമായ മുംബൈയിലുമാണ് ഇന്നലെ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 19 ആയി. കോവിഡ് വ്യാപനം ശക്തമായ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളുടടെ ആദ്യ സംഘത്തെ ഇന്നലെ നാട്ടിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച ഇവരെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തിലേക്ക് മാറ്റി. യു.എസ് കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സഊദി അറേബ്യ ഇന്നലെ അര്‍ധരാത്രി മുതല്‍ എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്.
പത്മ പുരസ്‌കാരദാനം മാറ്റി
ന്യൂഡല്‍ഹി: കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ അടുത്തമാസമാദ്യം രാഷ്ട്രപതി ഭവനില്‍ നടക്കാനിരുന്ന പത്മ പുരസ്‌കാരദാന ചടങ്ങ് മാറ്റിവെച്ചു. രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ മൂന്നിനാണ് ചടങ്ങ് നിശ്ചയിച്ചിരുന്നത്. ചടങ്ങ് നല്‍കുന്ന ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ചടങ്ങിനെത്താനുള്ള സാധ്യതയും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ചടങ്ങ് മാറ്റിവെച്ചത്.