കോവിഡ് 19നെതിരെ ദുബൈ കെഎംസിസി പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്നു

574

ദുബൈ: കോവിഡ് 19നെതിരെ ദുബൈ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്നു. കോവിഡ് 19 സ്ഥിരീകരിച്ച രണ്ടു പേരോടൊപ്പം കഴിഞ്ഞിരുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങളാണ് ആദ്യം ദുബൈ കെഎംസിസി നിര്‍വഹിച്ചു കൊടുത്തത്. ഇതുസംബന്ധിച്ച വിവരമറിഞ്ഞയുടന്‍ നാട്ടിലായിരുന്ന ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയെ ബന്ധപ്പെടുകയും അദ്ദേഹം ദുബൈ ഹെല്‍ത്ത് അഥോറിറ്റി അധികൃതരെ ബന്ധപ്പെട്ട് കോവിഡ് 19 സ്ഥിരീകരിച്ചവരോടൊപ്പം കഴിഞ്ഞിരുന്നവര്‍ക്ക് മെഡിക്കല്‍ ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പാടാക്കിക്കൊടുക്കുകയും ചെയ്തു. അവരെ എം.എ യൂസുഫലി സമാശ്വസിപ്പിക്കുകയും ഭക്ഷണത്തിന് സൗകര്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന്, ദുബൈ കെഎംസിസി ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ച രണ്ടു പേരോടൊപ്പം കഴിഞ്ഞിരുന്നവരെ ഐസൊലേഷനിലേക്ക് മാറ്റി.
ഷബീര്‍ കിഴൂര്‍ കോഓര്‍ഡിനേറ്ററായ ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം നടന്നു വരികയാണ്. അതിപ്പോഴും സജീവമായി തുടരുന്നു. കോവിഡ് 19 സ്ഥിരീകരിച്ചവരുടെ മുറിയില്‍ കഴിഞ്ഞിരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 700 പേര്‍ക്ക് മാസ്‌കുകള്‍, കയ്യുറകള്‍, സാനിറ്റൈസര്‍ എന്നിവ കെഎംസിസി എത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇബ്രാഹിം എളേറ്റില്‍ പി.കെ കുഞ്ഞാലിക്കുട്ടി എംപിയെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം കോണ്‍സുല്‍ ജനറല്‍ വിപുലുമായി ആശയ വിനിമയം നടത്തി. കോവിഡ് 19മായി ബന്ധപ്പെട്ട് ദുബൈയിലുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ കോണ്‍സുല്‍ ജനറലിനോട് അഭ്യര്‍ത്ഥിച്ചു. ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ശേഷം ടെസ്റ്റ് പോസിറ്റീവ് ആയവരോടൊപ്പം താമസിച്ചിരുന്നവര്‍ക്ക് അടിയന്തിര സേവനങ്ങള്‍ ഹെല്‍പ് ഡെസ്‌ക് നിര്‍വഹിക്കുന്നതാണ്. ഷബീര്‍ കീഴൂര്‍ നേതൃത്വം നല്‍കുന്ന ഹെല്‍പ് ഡെസ്‌കില്‍ അസീസ് കമാലിയ, രഞ്ജിത് കോറോത്ത് (ഇന്‍കാസ്), അസ്‌കര്‍ ചൂരി, അഷ്‌റഫ് ബെണ്ടിച്ചാല്‍ (അക്കാഫ്) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 50 അംഗ സന്നദ്ധ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചു വരുന്നു. കോവിഡ് 19നെതിരെയുള്ള ദുബൈ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ കൂടാതെ, ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, അഡ്വ. ഇബ്രാഹിം ഖലീല്‍, എന്‍.കെ ഇബ്രാഹിം, യൂസുഫ് മാസ്റ്റര്‍, റഈസ് തലശ്ശേരി, ഹനീഫ് ചെര്‍ക്കളം, ഒ.മൊയ്തു, മജീദ് മടക്കിമല തുടങ്ങിയവരും; കാസര്‍കോട് ജില്ലാ ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, സലാം കന്യാപ്പാടി, ഹനീഫ് ടി.ആര്‍, റാഫി പള്ളിപ്പുറം, അബ്ബാസ് കെ.പി തുടങ്ങിയവരും നേതൃത്വം നല്‍കുന്നു.
യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ദുബൈ ഹെല്‍ത്ത് അഥോറിറ്റി എന്നിവ കോവിഡ് 19 സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനം പകരുന്നുണ്ട്.
കോവിഡ് 19 അനുബന്ധ സഹായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി റെസ്‌റ്റോറന്റുകളും സ്ഥാപനങ്ങളും വ്യക്തികളുമടക്കമുള്ള സുമനസുകള്‍ ഭക്ഷണവും മറ്റു സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതിനിടെ, സാധാരണയുള്ള പനിയോ തലവേദനയോ ഉണ്ടായാല്‍ കോവിഡ് 19 ആവാനിടയില്ലെന്നും അതിനാല്‍, ആരും പരിഭ്രാന്തിയിലാവേണ്ടതില്ലെന്നും ഷബീര്‍ (ഹെല്‍പ് ഡെസ്‌ക്) അറിയിച്ചു. ഗുരുതരാവസ്ഥ അനുഭവപ്പെടുന്നവര്‍ മാത്രമേ ടെസ്റ്റ് നടത്തേണ്ടതുള്ളൂ. രോഗ ലക്ഷണങ്ങളില്ലാത്തവര്‍ ടെസ്റ്റ് ചെയ്യേണ്ട ആവശ്യം പോലുമില്ല.
കോവിഡ് 19 സഹായ പ്രവര്‍ത്തനങ്ങള്‍ കോണ്‍സുലേറ്റും ഡിഎച്ച്എയുമായി ബന്ധപ്പെട്ട് കോഓര്‍ഡിനേറ്റ് ചെയ്യുന്നത് ദുബൈ കെഎംസിസി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീലും സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുമാണ്.