കോവിഡ് 19: ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് ദുബൈ മുനിസിപ്പാലിറ്റിയുടെ കര്‍ശന നിര്‍ദേശങ്ങള്‍

ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

ദുബൈ: കോവിഡ് 19 നേരിടാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുബൈയിലെ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് ദുബൈ മുനിസിപ്പാലിറ്റി കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ മാസം 16 മുതല്‍ പുതിയ വ്യവസ്ഥകള്‍ നിലവില്‍ വന്നതായും ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് അയച്ച സര്‍ക്കുലറില്‍ മുനിസിപ്പാലിറ്റി വ്യക്തമാക്കി. റെസ്‌റ്റോറന്റുകള്‍ അടക്കമുള്ള ഭക്ഷ്യ സ്ഥാപനങ്ങള്‍ താഴെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കണിശമായും പാലിക്കണം:
ഭക്ഷ്യ സ്ഥാപനങ്ങള്‍ ഒരു ഓര്‍ഡറില്‍ 50ലധികം ഭക്ഷണം വില്‍ക്കരുത്. ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കകത്തുള്ളവരുടെ എണ്ണം കുറക്കുന്നതിന് വെയ്റ്റിംഗ് ഏരിയയിലേക്ക് ഉപഭോക്താക്കളെ പ്രവേശിപ്പിക്കാതിരിക്കുക. റെസ്‌റ്റോറന്റുകളിലും മറ്റുമുള്ള ഇരിപ്പിട സൗകര്യങ്ങള്‍ക്കിടക്ക് (മേശയടക്കം) രണ്ടു മീറ്റര്‍ അകലം ഉണ്ടായിരിക്കണം. പാര്‍സലുകളും ഹോം ഡെലിവറികളും (മതിയായ ഭക്ഷ്യ സുരക്ഷ പാലിച്ച്) വര്‍ധിപ്പിക്കുക. ഡിസ്‌പോസബ്ള്‍ കപ്പുകള്‍ ഉപയോഗിക്കുക. കഴിക്കാനുള്ള പാത്രങ്ങളും മറ്റും ഓട്ടോമാറ്റഡ് വാഷിംഗ് സൗകര്യം ഉപയോഗിച്ച് കഴുകുകയും പ്‌ളേറ്റുകളും മറ്റും വേണ്ടത്രയളവില്‍ ചൂടാക്കി, മതിയായ അണുനശീകരണത്തിന് വിധേയമാക്കി ഉപയോഗിക്കുകയും ചെയ്യുക. ഉപഭോക്താവ് ഭക്ഷണം കഴിച്ചു കഴിഞ്ഞയുടന്‍ മേശ നന്നായി വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്യുക. പനിയോ മറ്റു അസുഖ ലക്ഷണങ്ങളോ ഉള്ളവരെ പ്രവേശിപ്പിക്കരുത്. ഓപണ്‍ ബുഫെ സംവിധാനം സ്ഥിരമായി നിര്‍ത്തി വെക്കുക എന്നിവയാണ് മുനിസിപ്പാലിറ്റിയുടെ നിര്‍ദേശങ്ങള്‍.
ഭക്ഷ്യ സ്ഥാപനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ ഭക്ഷ്യ ഇന്‍സ്‌പെക്ടര്‍മാര്‍ സ്ഥിരമായി പരിശോധന നടത്തും. മിന്നല്‍ പരിശോധനയുമുണ്ടാകും. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മേല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് തക്കതായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.