കോവിഡ് 19 വ്യാപനം: ജി 20 വിര്‍ച്വല്‍ ഉച്ചകോടി നാളെ

റിയാദ്: ആഗോള തലത്തില്‍ കോവിഡ് 19 വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജി 20 രാജ്യങ്ങളുടെ അടിയന്തിര വിര്‍ച്വല്‍ ഉച്ചകോടി നാളെ. സഊദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് വീഡിയോ കോണ്‍ഫറെന്‍സിംഗ് വഴിയുള്ള ഉച്ചകോടി നടക്കുക. ലോക രാജ്യങ്ങളെല്ലാം വിമാന യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ സംഗമിക്കുന്നത്.
കൊറോണ വ്യാപനം തടയാനും ഇത് ആഗോള സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനുമാണ് 20 രാജ്യങ്ങളുടെ അസാധാരണ യോഗം. ജി 20 രാജ്യങ്ങളുടെ പരസ്പര സഹകരണം കൂടുതല്‍ ശക്തമാക്കാനും ഈ മഹാമാരിയുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന പുതിയ സംഭവ വികാസങ്ങള്‍ നേരിടാനും ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്ക് ഉത്തേജനം പകരുന്ന നടപടികള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കാനുമുള്ള പ്രത്യേക സംയുക്ത കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കലുമാണ് ഉച്ചകോടിയുടെ ലക്ഷ്യം.
സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്റ്, സിംഗപ്പൂര്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികള്‍, ജിസിസി കൗണ്‍സില്‍ പ്രസിഡന്റ്, ജിസിസി രാജ്യങ്ങള്‍ അടക്കമുള്ള മറ്റ് അംഗ രാജ്യങ്ങളും യോഗത്തില്‍ പങ്കെടുക്കും.
ഇക്കൊല്ലം നവംബര്‍ മധ്യത്തില്‍ ജി 20 രാജ്യങ്ങളുടെ ദ്വിദിന ഉച്ചകോടി റിയാദില്‍ നടക്കാനിരുന്നതാണ്. കോവിഡ് 19 ഭീതി വിതച്ച് പടരുന്ന സാഹചര്യത്തിലാണ് ആതിഥേയ രാജ്യമെന്ന നിലയില്‍ സഊദിയുടെ നേതൃത്വത്തില്‍ പ്രത്യേക വിര്‍ച്വല്‍ യോഗം ചേരുന്നത്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി 20 ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗമാണ് പ്രത്യേക സാഹചര്യത്തില്‍ വിര്‍ച്വല്‍ ഉച്ചകോടിക്കുള്ള തീരുമാനം കൈക്കൊണ്ടത്. ലോക ജനതക്കും ബിസിനസ് മേഖലക്കും പിന്തുണ നല്‍കാനും ആഗോള സമ്പദ് വ്യവസ്ഥയുടെയും ലോക ഓഹരി വിപണികളുടെയും സ്ഥിരത കാത്തു സൂക്ഷിക്കാനും വിശ്വാസം വീണ്ടെടുക്കാനും അഗാധവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സംഭവിക്കാതെ നോക്കുന്നതിനും പരസ്പര യോജിപ്പോടെ ശക്തമായ തീരുമാനങ്ങളെടുക്കണമെന്നും ഇക്കാര്യത്തില്‍ സംയുക്ത ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്യവേ സഊദി ധന കാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ ആവശ്യപ്പെട്ടിരുന്നു.
കൊറോണ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് യഥാസമയം പരിഹാരം കണ്ടെത്താന്‍ ജി 20 രാജ്യങ്ങളിലെ ധന കാര്യ മന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരും വ്യവസ്ഥാപിതമായി വിര്‍ച്വല്‍ സമ്മേളനം ചേരുന്നത് തുടരാന്‍ നേരത്തെ തീരുമാനമുണ്ട്.