കുവൈത്ത്സിറ്റി: കുവൈത്തില്‍ ഇന്നലെ രണ്ട് പുതിയ കോവിഡ് 19 കൂടി സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 58 ആയി. കുവൈത്ത് ആരോഗ്യ മന്ത്രാലയം കോറോണ സംബന്ധിച്ച് എല്ലാ ദിവസവും നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച വിശദീകരണം നല്‍കിയത്. ഇവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയതായും ലോകാരോഗ്യ സംഘടനയെ ഇക്കാര്യം അറിയിച്ചതായും പൊതുജനാരോഗ്യ വിഭാഗം അസി.അണ്ടര്‍ സെക്രട്ടറി ഡോ. ബുതൈന അല്‍ മുധാഫ് പറഞ്ഞു. ഇതോടെ, രാജ്യത്ത് കൂടുതല്‍ ജാഗ്രതാ നിര്‍ദേശങ്ങളും സുരക്ഷാ ബോധവത്കരണങ്ങളും ആരോഗ്യ മന്ത്രാലയം തുടരുകയാണ്. കൊറോണ വൈറസ് രോഗം ബാധിച്ച എല്ലാവര്ക്കും ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ആശുപത്രികളില്‍ വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദും പറഞ്ഞു.
അതേസമയം, മാര്‍ച്ച് 8 മുതല്‍ കുവൈത്തില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കൊറോണ ബാധയില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന കാരണം 10 ലക്ഷം ഇന്ത്യക്കാരില്‍ അടുത്ത മൂന്ന് മാസത്തില്‍ ഏകദേശം ഒരു ലക്ഷത്തോളം ആളുകളുടെ മടക്ക യാത്രയില്‍ അനിശ്ചിതത്വം തുടരുകയാണ്. രാജ്യത്തെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഇതുമൂലമുണ്ടാകുമെന്നും കൊറോണ ബാധിച്ചവരുടെ പരിശോധനകള്‍ക്ക് പ്രമുഖ്യം നല്‍കേണ്ടി വരുന്നതിനാല്‍ യാതൊരു ലക്ഷണങ്ങളുമില്ലാത്തവരുടെ രക്ത പരിശോധന അടിയന്തിരമായി ചെയ്യാന്‍ പ്രയാസമാകുമെന്നും അത് വിസാ കാലാവധി തീരാന്‍ പോകുന്നവരെയും ജോലിയില്‍ പെട്ടെന്ന് തുടരേണ്ടവരെയും സാരമായി ബാധിക്കുമെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ കുവൈത്തിനെ അറിയിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളായ ബംഗ്ളാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവരുടെ എംബസി പ്രതിനിധികളും അവരുടെ പ്രയാസം ധരിപ്പിച്ചിട്ടുണ്ട്.