ദുബൈ: നേരിയ പനിയും ജലദോഷവും വന്നാല്‍ കൊറോണ ബാധിച്ചുവോയെന്ന അമിത ഉത്കണ്ഠ. കൊറോണ ബാധയെ തുടര്‍ന്നുള്ള സാമൂഹിക-സാമ്പത്തിക പ്രതിസന്ധികള്‍ ജോലിയെയും പ്രവാസ ജീവിതത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്ക. ഒപ്പമുള്ളവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചാല്‍ ഇനി എന്ത് ചെയ്യുമെന്നോര്‍ത്തുള്ള മാനസിക സമ്മര്‍ദം. കൊറോണക്കാലത്ത് ഏറെപ്പേരും കടന്നു പോകാന്‍ സാധ്യതയുള്ള മാനസിക പ്രശ്നങ്ങളാണ് ഇവയെല്ലാം. മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ വലക്കുന്നുവെങ്കില് ഇനി മാനസികാരോഗ്യ വിദഗ്ധരോട് തുറന്ന് സംസാരിച്ച് പരിഹാരം കാണാം. മാനസികാരോഗ്യം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ യുഎഇ നിവാസികള്‍ക്കായി മൈന്‍ഡ് ടോക് ഹെല്പ് ലൈന്‍ തുറന്നിരിക്കുകയാണ് പ്രമുഖ ഹെല്‍ത് കെയര്‍ ഗ്രൂപ്പായ വിപിഎസ് ഹെല്‍ത് കെയര്‍. ഇന്ത്യയിലെ പ്രമുഖ മാനസിക-സാമൂഹിക-പുനരധിവാസ കേന്ദ്രമായ കഡബംസ് ഗ്രൂപ്പുമായി ചേര്‍ന്നാണ് നിരവധി മനഃശാസ്ത്ര വിദഗ്ധരുടെ സേവനം ലഭ്യമാക്കി മൈന്ഡ്ടോക് സേവനം. മലയാളം, ഹിന്ദി, ഇംഗ്ളീഷ്, അറബിക് തുടങ്ങിയ ഭാഷകളില്‍ സേവനം ലഭ്യമാണ്. കൊറോണ വ്യാപനം തടയാന്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്, ശാരീരിക അകലം പാലിക്കണം, യാത്രകള്‍ പാടില്ല, ക്വാറന്റീനിലാവണം തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ പലരെയും മാനസിക സമ്മര്‍ദത്തിന് അടിപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് മനഃശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗത്തെ കുറിച്ചുള്ള ഭയവും ഉത്കണ്ഠയും കുട്ടികളിലും മുതിര്‍ന്നവരിലും മാനസിക സമ്മര്‍ദമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഇതിനെ മറികടക്കുന്നതിലൂടെ ഒപ്പമുള്ളവരെയും സമൂഹത്തെയും കരുത്തരാക്കാമെന്നുമാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷന്റെയും ഉപദേശം. ഈ ലക്ഷ്യങ്ങളോടെ സ്ഥാപിച്ച മൈന്‍ഡ് ടോക് ഹെല്പ് ലൈനിലൂടെ കൊറോണയുമായി ബന്ധപ്പെട്ട ഏത് മാനസിക പ്രശ്നങ്ങള്‍ക്കും ജനങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ സഹായം തേടാം. ആഴ്ചയില്‍ മുഴുവന്‍ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈനില്‍ ആദ്യ ഘട്ടത്തില്‍ പത്തോളം സൈക്കോളജിസ്റ്റുകളുടെ സഹായമാണ് ലഭ്യമാക്കുക. കുട്ടികളുടെയും യുവാക്കളുടെയും മുതിര്‍ന്നവരുടെയും മാനസികാരോഗ്യം, അഡിക്ഷന് മെഡിസിന് തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരാണ് ഹെല്പ് ലൈനിലുള്ളത്. സേവനം ലഭ്യമാക്കാനായി 800 5546 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കാം. വിപിഎസ് ഹെല്‍ത് കെയര്‍ വെബ്സൈറ്റ് സന്ദര്‍ശിച്ചും ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് ലഭ്യമാക്കാം. മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ക്ക് ആവശ്യമായ ശ്രദ്ധയും പരിചരണവും ലഭ്യമാക്കുകയെന്നത് കടമയാണെന്ന് വിപിഎസ് ഹെല്‍ത് കെയര്‍ ദുബൈ ആന്‍ഡ് നോര്‍തേണ്‍ എമിറേറ്റ്സ് സിഇഒ ഡോ. ഷാജിര്‍ ഗഫാര്‍ വ്യക്തമാക്കി. മുതിര്‍ന്നവരും കുട്ടികളുമെല്ലാം അവരുടെ സാധാരണ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഇതുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ വിദഗ്ധര്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.