രോഗ ബാധിതരുടെ എണ്ണം 767
റിയാദ്: സഊദിയില്‍ ആദ്യമായി കോവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചു. മദീനയിലുള്ള 51 വയസുള്ള ഒരു അഫ്ഗാനിസ്താന് പൗരനാണ് മരിച്ചത്. 205 പേര്‍ക്ക് പുതുതായി രോഗബാധ കണ്ടെത്തിയതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 767 ആയി. ജിദ്ദ 82, റിയാദ് 69, അല്‍ബാഹ 12, ബിഷ 8, നജ്റാന് 8, അബഹ 6, ഖത്തീഫ് 6, ദമ്മാം 6, ജിസാന്‍ 3, അല്‍ഖോബാര്‍ 2, ദഹ്റാന്‍ 2, മദീന 1 എന്നിവിടങ്ങളിലാണ് ഇന്ന് രോഗനിര്‍ണ്ണയം നടത്തിയത്. 28 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജിസിസി രാജ്യങ്ങളില്‍ ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് സഊദിയിലാണ്. അതേസമയം, കര്‍ശനമായ നിയന്ത്രങ്ങളിലൂടെ പ്രതിരോധ നടപടികള്‍ കൈക്കൊണ്ട രാജ്യവും സഊദിയാണ്. കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്ന രാത്രികാല കര്‍ഫ്യൂ ശക്തമായി തുടരുന്നു. രാത്രി ഏഴു മണി മുതല്‍ പിറ്റേന്ന് രാവിലെ ആറ് വരെ നീണ്ടുനില്‍ക്കുന്ന കര്‍ഫ്യൂ മൂന്നാഴ്ചത്തേക്കാണ് സഊദി ഭരണാധികാരി സല്മാന് രാജാവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ മുതല്‍ തന്നെ വ്യാപകമായ പരിശോധനയില്‍ കര്‍ഫ്യൂ ഓര്‍ഡര്‍ ലംഘിച്ച നിരവധി പേര്‍ക്ക് പിഴ ചുമത്തി.
നിയമം ലംഘിച്ച് വാഹനവുമായി റോഡിലിറങ്ങുന്നവര്‍ക്ക് ആദ്യ തവണ പതിനായിരം റിയാലും രണ്ടാം തവണ ഇരുപതിനായിരം റിയാലും മൂന്നാം തവണ ഇരുപത് ദിവസത്തെ തടവുമാണ് ശിക്ഷ. സഊദി ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് കര്‍ശനമായ നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. സ്വദേശികളും വിദേശികളും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും സാമൂഹിക വ്യാപനത്തിന്ന് വഴിവെക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
സുരക്ഷാ സേനയുടെ വിവിധ വിഭാഗങ്ങളുടെ സഹായത്തോടെ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ശന പട്രോളിംഗ് തുടരുമെന്നും അധികൃതര്‍ പറഞ്ഞു. കര്‍ഫ്യൂവിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതികരിച്ച മൂന്ന് പേരെ സഊദി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.