ഞങ്ങള്‍ക്ക് മരുന്ന് വേണ്ട; ഗോമൂത്രം മതി
ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡ് 19നെ തുരത്താന്‍ പതിനെട്ടടവും പയറ്റുമ്പോള്‍ ഗോമൂത്രം കോവിഡിനെ തുരത്തുമെന്ന വിചിത്ര വാദവുമായി ഹിന്ദു മഹാസഭ. ഗോമാതാവ് വിശുദ്ധയാണെന്നും അതിനാല്‍ ഗോ മൂത്രം കുടിച്ചാല്‍ അതിന് കോവിഡിനെ തുരത്താന്‍ ശക്തിയുണ്ടെന്നും അവകാശപ്പെട്ട് ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ ഗോമൂത്രം കുടിക്കല്‍ പാര്‍ട്ടി സംഘടിപ്പിച്ചു.
കാന്‍സര്‍ പോലുള്ള മഹാമാരികളെ തടയാനുള്ള യാതൊരു ശക്തിയും ഗോ മൂത്രത്തിനില്ലെന്നും കോവിഡിനെ തടയാന്‍ ഇതിനാവില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഗോ മൂത്ര പാര്‍ട്ടിയോടെ കോവിഡിനെ തടയാനാവുമെന്ന അവകാശ വാദവുമായാണ് ഹിന്ദുമഹാസഭ ഈ പരിപാടി സംഘടിപ്പിച്ചത്. രാജ്യതലസ്ഥാനത്തെ ഹിന്ദുമഹാസഭ ഓഫീസില്‍ നടന്ന പരിപാടിയില്‍ 200 പേര്‍ പങ്കെടുത്തു. രാജ്യത്തിന്റെ മറ്റിടങ്ങളിലും ഗോമൂത്ര ചികിത്സ പരിപാടി സംഘടിപ്പിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. 21 വര്‍ഷമായി ഗോ മൂത്രം കുടിക്കുകയും ചാണകത്തില്‍ കുളിക്കുകയും ചെയ്യുന്ന തനിക്ക് ഇതുവരെ ഇംഗ്ലീഷ് മരുന്ന് ആവശ്യം വന്നിട്ടില്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരില്‍ ഒരാളായ ഓംപ്രകാശ് അവകാശപ്പെട്ടു.
കോവിഡ് വൈറസിന്റെ കാരിക്കേച്ചറിന് മുന്നില്‍ ഗോമൂത്രം സ്പൂണിലാക്കി കുടിച്ചു കൊണ്ട് ഓള്‍ ഇന്ത്യാ ഹിന്ദുയൂണിയന്‍ അധ്യക്ഷന്‍ ചക്രപാണി മഹാരാജാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. യാതൊരു വൈദ്യശാസ്ത്ര പിന്‍ബലവുമില്ലാതെയാണ് ബി.ജെ.പി നേതാക്കളും സംഘ്പരിവാറുകാരും ഗോമൂത്രവും ചാണകവും സര്‍വ രോഗ നിവാരണിയാണെന്ന അവകാശവാദം ഉന്നയിക്കുന്നത്. 5000ല്‍ അധികം പേരുടെ ജീവന്‍ അപഹരിച്ച കോവിഡ് 19നെതിരെ ലോകം ഇന്നുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല.